high-court-

കൽപ്പറ്റ: കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹെെക്കോടതി തള്ളി. ചീഫ് വെെൽഡ് ലെെഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയാണ് 25000 രൂപ പിഴ ചുമത്തി ഹെെക്കോടതി തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമർപ്പിച്ചതെന്നും ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്നും കോടതി ആരാഞ്ഞു.

ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവയ്ക്കാവൂ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വെെൽഡ് ലെെഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ച് കൊല്ലാനായിരുന്നു ചീഫ് വെെൽഡ് ലെെഫ് വാർഡന്റെ ഉത്തരവ്.

ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാകേരി മൂടക്കൊല്ലി മരോട്ടി തടത്തിൽ പ്രജീഷിന്റെ (36) മൃതദേഹം കണ്ടെത്തിയത്. മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. കടുവയെ പിടികൂടാൻ ഉത്തരവിറങ്ങിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.