sathyanarayana

ഹൈദരാബാദ്: നാല് വർഷങ്ങൾക്കിടെ പതിനൊന്ന് പേരെ കൊലപ്പെടുത്തി പണവും സ്വത്തും തട്ടിയെടുത്ത 'റിയൽ എസ്റ്റേറ്റ് ഏജന്റ്' പിടിയിൽ. സത്യനാരായണ എന്നയാളാണ് പിടിയിലായത്. 2020 മുതൽ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് അരും കൊലകൾ നടന്നത്.


ഇയാളൊരു സീരിയൽ കില്ലറാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. നിധി വേട്ടക്കാരനാണെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഹൈദരാബാദിൽ നിന്ന് വെങ്കിടേഷ് എന്നയാളെ കാണാതായിരുന്നു. ഇയാളുടെ ഭാര്യ നവംബർ 28 ന് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് അരുംകൊലകൾ പുറത്തുവന്നത്.

ചോദ്യം ചെയ്യലിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നടത്തിയ 11 കൊലപാതകങ്ങളെക്കുറിച്ചും പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ നാഗർകുർണൂൽ, വാനപർത്തി ജില്ലകളിലെ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴിയാണ് വെങ്കിടേഷ് പ്രതിയുമായി ബന്ധം സ്ഥാപിച്ചതെന്ന് ഡിഐജി എൽഎസ് ചൗഹാൻ പറഞ്ഞു.

തന്റെ ഭൂമിയിൽ നിധി ഉണ്ടെന്ന് വെങ്കിടേഷ് കരുതിയിരുന്നു. ഇത് കണ്ടെത്താൻ സഹായം ചോദിച്ചുകൊണ്ടാണ് സത്യനാരായണയെ ബന്ധപ്പെട്ടത്. മൂന്ന് ഗർഭിണികളുടെ ബലി അടക്കമുള്ള കാര്യങ്ങൾ പ്രതി മുന്നോട്ടുവച്ചു. ഇതോടെ വെങ്കിടേഷ് വിസമ്മതിക്കുകയും താൻ നൽകിയ 10 ലക്ഷം രൂപ തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

നവംബർ നാലിന് വെങ്കിടേഷിനെ പ്രലോഭിപ്പിച്ച് നാഗർകുർണൂലിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.അബോധാവസ്ഥയിലാക്കിയ ശേഷം കൊലയാളി വെങ്കിടേഷിന്റെ വായിലും ശരീരത്തിലും ആസിഡ് ഒഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.