loksabha

ന്യൂഡൽഹി: ലോക്‌സഭയിൽ അതീവ സുരക്ഷാ വീഴ്‌ച. അജ്ഞാതരായ രണ്ടുപേർ സഭയ‌്ക്കുള്ളിൽ എംപിമാർക്കിടയിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ‌്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് സഭയിലേക്ക് അതിക്രമിച്ച് കടന്നത്. എംപിമാർക്ക് ഇടയിലേക്ക് വന്ന ഇരുവരും കളർ സ്മോക്ക് പ്രയോഗിക്കുകയായിരുന്നു. സന്ദർശക ഗാലറിയിൽ നിന്നാണ് എംപിമാർക്കിടയിലേക്ക് ഇരുവരും ചാടിയത്. ഇവരെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും കടുത്ത നീല നിറത്തിലുള്ള ഷർട്ട് ധരിച്ച പുരുഷനാണ് ആദ്യം ചേംബറിലക്ക് ചാടിയതെന്ന് മനസിലാകുന്നു. ഇതേസമയം രണ്ടാമത്തേയാൾ കളർ സ്മോക്ക് പ്രയോഗിച്ചു. അതിക്രമിച്ചു കടന്നവരിൽ ഒരാളിൽ നിന്നും ബിജെപി എംപി നൽകിയ പാസും പിടിച്ചെടുത്തിട്ടുണ്ട്. ബിജെപി എംപി പ്രതാപ് സിൻഹയുടെ ഓഫീസിൽ നിന്നുമാണ് പാസ് ലഭിച്ചിരിക്കുന്നത്.

സന്ദർശക ഗാലറിയിൽ നിന്നും ആരോ വീണതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് സുരക്ഷാ വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് മനസിലായതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബംരം പ്രതികരിച്ചു. അവർ ഉപയോഗിച്ച വാതകം വിഷം നിറഞ്ഞതാകാം. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും കാർത്തി ചിദംബരം ആവശ്യപ്പെട്ടു.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് സുരക്ഷാ വീഴ്‌ചയെന്നതാണ് ഏറ്റവും ഗൗരവതരം.