
രാവിലെ ഉറക്കമുണർന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാന്‍ കഴിയാറില്ലല്ലേ? ഒരു ദിവസം ചായ കുടിച്ചില്ലെങ്കിൽ പോലും ക്ഷീണവും അസ്വസ്തതയും തലവേദനയും വരുന്നവരുമുണ്ടാവും. ഈ ചായകുടി അത്ര നല്ല ശീലമല്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ, ആരോഗ്യത്തിന് നല്ലതാണെന്നും ചില ആരോഗ്യ വിദഗ്ദ്ധർ വാദിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ചായയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ദിവസവും കുടിച്ചാൽ മൂത്രനാളിയിലെ അണുബാധ, ഹൃദ്‌രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരില്ല എന്നാണ് പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്.
ക്രാൻബെറി ചായയ്‌ക്കാണ് ഈ പറഞ്ഞ എല്ലാ ആരോഗ്യ ഗുണങ്ങളുമുള്ളത്. തണുപ്പ് കാലത്ത് ഇത് കുടിക്കുകയാണെങ്കിൽ രോഗപ്രതിരോധ ശേഷി ലഭിക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിൽ അണുബാധ ഉണ്ടാകുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും ക്രാൻബെറി ചായ നല്ലതാണ്. ഈ ചായയുടെ ഗുണങ്ങളെ പറ്റി വിശദമായി അറിയാം.

മൂത്രനാളിയിലെ അണുബാധ
ബാക്‌ടീരിയ കാരണമാണ് മൂത്രനാളിയിൽ അണുബാധ ഉണ്ടാകുന്നത്. ക്രാൻബെറി ചായ സ്ഥിരമായി കുടിക്കുകയാണെങ്കിൽ ഈ രോഗം ഉണ്ടാകില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ക്രാൻബെറിയിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ മൂത്രസഞ്ചിയുടെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്നതിൽ നിന്ന് ബാക്ടീരിയയെ തടയുന്നു.
ഹൃദ്‌രോഗം
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ക്രാൻബെറി ചായ വളരെ നല്ലതാണ്. പഠനങ്ങൾ അനുസരിച്ച്, ക്രാൻബെറിയിൽ കാണപ്പെടുന്ന പോളിഫെനോളുകളാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
അൾസർ
ജേണൽ ഓഫ് റിസർച്ച് ഇൻ ഫാർമസി പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ക്രാൻബെറി ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും എന്നാണ് പറയുന്നത്. വയറ്റിൽ ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയ വളരുന്നത് തടയാനും ഈ ചായ സഹായിക്കുന്നു. ഇതിലൂടെ അൾസർ വരുന്നതിൽ നിന്നും തടയുന്നു.
ചായ തയ്യാറാക്കുന്ന വിധം
ഉണക്കിയ ക്രാൻബെറി വാങ്ങാൻ ലഭിക്കും. കുറച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് ക്രാൻബെറി ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. ഇതിലേയ്‌ക്ക് മധുരത്തിനായി പഞ്ചസാര ചേർക്കാവുന്നതാണ്.