arif-and-pinarayi

തിരുവനന്തപുരം:പാർലമെന്റ് തിരഞ്ഞെടുപ്പ് നാല് മാസത്തിനകം നടക്കാനിരിക്കെ, നവകേരള ബസിനും ഗവർണർക്കും നേരെയുള്ള പ്രതിഷേധപ്പോര് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷവും സംഘർഷ ഭരിതവുമാക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് നേരേ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കായികമായി നേരിടുന്നുവെന്ന വിമർശനം ഒരു വശത്ത്. ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ പ്രതിഷേധം അതിര് വിട്ടതോടെ, ഗവർണർ നടുറോഡിലിറങ്ങി അവരെ പരസ്യമായി വെല്ലുവിളിക്കുന്ന അസാധാരണ സാഹചര്യം മറുവശത്ത്. പ്രതിഷേധവും പ്രതിരോധവും ഈ രീതിയിൽ തുടരുന്നത് സംഘർഷ സ്ഥിതി മൂർച്ഛിപ്പിക്കുമെന്നാണ് ആശങ്ക.

പാർലമെന്റ് തിരഞ്ഞെടുപ്പ് തീയതികൾ ഫെബ്രുവരി ഒടുവിലോ, മാർച്ച് ആദ്യമോ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് നേരിടാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട ഘട്ടത്തിൽ തന്നെ, പതിവിന് വിപരീതമായി സംസ്ഥാന രാഷ്ട്രീയം ആക്രമണ, പ്രത്യാക്രമണച്ചൂടിൽ തിളയ്ക്കുന്നു.

ഡിസംബർ ഒന്നിന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച നവ കേരള സദസിന്റെ ബസിന് നേരേ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവും, അതിനെ ഡി.വൈ.എഫ്.ഐക്കാർ കായികമായി നേരിട്ടതുമാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. നവ കേരള സദസ് 90 നിയമസഭാ മണ്ഡലങ്ങൾ കടന്ന് കോട്ടയം ജില്ല പിന്നിടുമ്പോഴും പ്രതിഷേധവും പ്രതിരോധവും തുടരുകയാണ്. സദസ് 23ന് തലസ്ഥാനത്ത് എത്തുന്നത് വരെ ഇത് തുടരുമെന്നാണ് ഇരു കൂട്ടരുടെയും പ്രഖ്യാപനം.

പൊലീസിന്റെ റോൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഏൽപ്പിച്ചെന്നാണ് യു.ഡി.എഫിന്റെ വിമർശനം. അതേസമയം, ചാവേറുകളെ ഇറക്കി വിട്ട് കലാപത്തിന് കോൺഗ്രസ് ശ്രമിക്കുന്നതായി എൽ.ഡി.എഫും ആരോപിക്കുന്നു. നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ നാല് കെ.എസ്.യുക്കാർക്കെതിരെ നരഹത്യാക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയും, അത് തുടർന്നാലുള്ള പ്രത്യാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ, കോൺഗ്രസ് നേതൃത്വം ഇടപെട്ട് കെ.എസ്.യുക്കാരെ പിന്തിരിപ്പിച്ചത് ഉചിതമായെന്നാണ് വിലയിരുത്തൽ..

 ഗവർണർ വീണ്ടും റോഡിലിറങ്ങിയാൽ സ്ഥിതി സ്ഫോടനാത്മകം

ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടുരുമെന്ന എസ്.എഫ്.ഐ നേതൃത്വത്തിന്റെയും, വാഹനം തടഞ്ഞാൽ വീണ്ടും താൻ റോഡിലിറങ്ങി നേരിടുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും പ്രഖ്യാപനം കൂടുതൽ സംഘർഷത്തിനും ക്രമ സമാധാന പ്രശ്നങ്ങൾക്കും ഇട വരുത്തിയേക്കും. തലസ്ഥാനത്ത് പേട്ടയിൽ കാറിൽ നിന്നിറങ്ങി നടുറോഡിൽ നിന്ന് എസ്.എഫ്.ഐക്കാരോട് ആക്രോശിക്കുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്ത ഗവർണർ, പൊലീസിനെയും പ്രതിക്കൂട്ടിൽ നിറുത്തുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധക്കാർ ഗവർണറുടെ വാഹനത്തിന് മുമ്പിലെത്തുന്നത് തടയാൻ പൊലീസിന് ശക്തമായ കവചം തീർക്കേണ്ടി വരും.