
ടെല്‍ അവീവ്: ഇസ്രയേല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി പ്രമുഖ ജര്‍മന്‍ സ്‌പോര്‍ട്‌സ് അപ്പാരല്‍സ് നിര്‍മാതാക്കളായ പ്യൂമ. ഇസ്രയേല്‍ ദേശീയ ടീമിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഈ വര്‍ഷം അവസാനത്തോട് നിര്‍ത്തലാക്കുകയാണ്. 2024 മുതല്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരാകേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.
പ്യൂമയുടെ പിന്‍മാറ്റം ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന ആക്രമണത്തെത്തുടര്‍ന്നാണെന്ന പ്രചാരണമുണ്ട്. എന്നാല്‍ കമ്പനിയോ ഇസ്രയേല്‍ ഫുട്‌ബോള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പാലസ്തീന്‍ വിഷയവുമായി തീരുമാനത്തിന് ബന്ധമില്ലെന്നാണ് പ്യൂമയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം അവസാനം തന്നെ പിന്‍മാറ്റം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെന്നാണ് പ്യൂമ അധികൃതര്‍ വ്യക്തമാക്കുന്നത്.
2022 അവസാനം ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷനും പ്യൂമയും തമ്മില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായസമന്വയത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. 2018 മുതല്‍ ഇസ്രയേല്‍ ടീമിന്റെ അപ്പാരല്‍ സ്‌പോണ്‍സര്‍മാരാണ് പ്യൂമ.
സാമ്പത്തിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്യൂമ കരാര്‍ അവസാനിപ്പിക്കുന്നത്. ഇതോടെ ഇസ്രയേല്‍ ടീമിന് നല്‍കുന്ന സ്പോര്‍ട്സ് കിറ്റുകളും മറ്റും നിര്‍ത്തും. സെര്‍ബിയയുടെ ദേശീയ ടീമുമായുള്ള കരാറും പ്യൂമ അവസാനിപ്പിച്ചിട്ടുണ്ട്.