rohit-sharma

മുംബയ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വി ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് നായകന്‍ രോഹിത് ശര്‍മ്മയിലാണ്. സ്വന്തം നേട്ടങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കാതെ ടീമിന് വേണ്ടി മാത്രം കളിച്ച അയാള്‍ ലോകകപ്പ് ജേതാവെന്ന പദവി അര്‍ഹിച്ചിരുന്നു. പക്ഷേ വിധി മറിച്ചായിരുന്നു. തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയെത്തിയ ഇന്ത്യ നവംബര്‍ 19ന് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ് പോയി.

ഫൈനലിലെ തോല്‍വിക്ക് ശേഷം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഗ്രൗണ്ട് വിട്ട രോഹിത് ശര്‍മ്മയെ കുറിച്ച് ഒരു വിവരവും പിന്നീടുണ്ടായിരുന്നില്ല. കടുത്ത നിരാശയിലാണ് ഇന്ത്യന്‍ നായകനെന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്ത് വന്നത്. ഒടുവില്‍ ഇപ്പോഴിതാ തന്റെ മൗനം അവസാനിപ്പിച്ച് ലോകകപ്പ് ഫൈനലിലെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍ ആദ്യമായി.

'ലോകകപ്പിലെ തോല്‍വി സമ്മാനിച്ച ഹൃദയവേദനയില്‍ നിന്ന് എങ്ങനെ മുക്തനാകണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. 50 ഓവര്‍ ക്രിക്കറ്റ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ ഫോര്‍മാറ്റിലെ ലോകകപ്പ് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സമ്മാനം. ഇത്രയും കാലം ടീമിന്റെ തയ്യാറെടുപ്പ് മുഴുവന്‍ കപ്പ് നേടുന്നതിന് വേണ്ടിയായിരുന്നു.- രോഹിത് പറഞ്ഞു.

ലോകപ്പിലുടനീളം നന്നായി കളിച്ച ശേഷം ഫൈനലില്‍ തോല്‍ക്കുകയെന്നത് വിഷമമുള്ള കാര്യമാണ്. പ്രത്യേകിച്ച് ടീമിനെ അത്രയും പിന്തുണച്ച ഇന്ത്യന്‍ ജനതയ്ക്ക് കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ടീം വിജയിച്ചിരുന്നുവെങ്കില്‍ അവരെല്ലാം വലിയ ആഹ്ലാദത്തിലാകുമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ല.

ലോകകപ്പിന് ശേഷം എവിടെ പോയാലും ആളുകള്‍ അടുത്തേക്ക് വന്ന് ആശ്വസിപ്പിക്കുകയും പിന്തുണച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒന്നരമാസക്കാലം ടീമിനെ അവര്‍ അകമഴിഞ്ഞ് പിന്തുണച്ചു. ടീമിലെ ഓരോ താരങ്ങളേയും സ്‌റ്റേഡിയത്തിലെത്തിയും വീട്ടില്‍ ടിവിയില്‍ കളി കണ്ടും രാജ്യം പിന്തുണച്ചു. അത് വളരെ മനോഹരമായ കാര്യമാണ്.

ലോകകപ്പില്‍ ഇത്രും മനോഹരമായി കളിക്കുകയെന്നത് എല്ലായിപ്പോഴും സംഭവിക്കുന്നകാര്യമല്ല. പക്ഷേ എന്നിട്ടും കിരീടം നേടാന്‍ കഴിയാത്തത് ഇപ്പോഴും വേദനയുണ്ടാക്കുന്നുണ്ട്. അതേക്കുറിച്ച് ആലോചിച്ചാല്‍ ഞാന്‍ കൂടുതല്‍ നിരാശനാകുകയേയുള്ളൂ- രോഹിത് കൂട്ടിച്ചേര്‍ത്തു.

View this post on Instagram

A post shared by Team Ro (@team45ro)

ജീവിതം മുന്നോട്ട് പോകും, പോകേണ്ടതുണ്ട്. ആഗ്രഹിച്ചത് കിട്ടിയാലും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോയെ മതിയാകൂ. അതോടൊപ്പം തന്നെ എവിടെപ്പോയാലും ആളുകള്‍ നല്‍കുന്ന പിന്തുണയും സ്‌നേഹത്തോടെയുള്ള വാക്കുകളും തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നതാണ്. വിഷമം നിറഞ്ഞ അവസ്ഥയില്‍ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയും വിലമതിക്കാനാകില്ല'- ഇന്ത്യന്‍ നായകന്‍ പറഞ്ഞു.