
ന്യൂഡൽഹി: പാർലമെന്റിൽ കളർ ഗ്യാസ് പ്രയോഗിച്ച സംഭവത്തിൽ എം പിമാർ സുരക്ഷിതർ. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.
ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ട് പേർ സഭയ്ക്കുള്ളിലേക്ക് കയറുകയായിരുന്നു. തുടർന്ന് സന്ദർശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടി, ഷൂസിൽ ഒളിപ്പിച്ച മഞ്ഞ നിറത്തിലുള്ള ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി രണ്ടുപേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു. സ്ത്രീയടക്കം നാല് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
സാഗർ ശർമ്മ, ഡി മനോരഞ്ജൻ എ, അമോൽ, നീലം എന്നിവരാണ് പിടിയിലായത്. തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നാണ് നീലം പറയുന്നത്.സംഭവത്തിൽ പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടിയിട്ടുണ്ട്.
എന്താണ് കളർ ഗ്യാസ് ക്യാനുകൾ?
സ്‌മോക്ക് ക്യാനുകൾ അല്ലെങ്കിൽ സ്മോക്ക് ബോംബുകളെന്ന് അറിയപ്പെടുന്ന ഇവ മിക്ക രാജ്യങ്ങളിലും നിയമപരമാണ്. മിക്കവാറും എല്ലാ റീട്ടെയിൽ മാർക്കറ്റുകളിലും ലഭ്യമാണ്. ഈ ക്യാനുകൾ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഉപയോഗിക്കാറുണ്ട്.
കായിക പരിപാടികൾക്കും ഫോട്ടോഷൂട്ടിലുമൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കായിക പരിപാടികളിൽ പ്രത്യേകിച്ച് ഫുട്‌ബോളിൽ, ആരാധകർ അതത് ക്ലബ്ബുകളുടെ നിറങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി സ്‌മോക്ക് ക്യാനിസ്റ്ററുകൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ സൈനിക ഓപ്പറേഷനുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.