
നടൻ രാഹുൽ രവി ഒളിവിൽ പോയത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ. ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ ലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2020ലായിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹം.
2023 ഏപ്രിൽ 26 അർദ്ധരാത്രി രാഹുലിന്റെ അപ്പാർട്ട്‌മെന്റിൽ ലക്ഷ്മിയും അസോസിയേഷൻ അംഗങ്ങളും എത്തിയപ്പോൾ, ഇയാൾക്കൊപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി എഫ് ഐ ആറിൽ പറയുന്നു.ഇതിനുപിന്നാലെ ഇരുവരും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
രാഹുൽ സ്ഥിരമായി ലക്ഷ്മിയെ മർദ്ദിക്കാറുണ്ടെന്നും എഫ് ഐ ആറിലുണ്ട്. കേസിൽ നേരത്തെ രാഹുൽ ജാമ്യം നേടിയിരുന്നു. ഇതിനുപിന്നാലെ ലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലക്ഷ്മിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി, കഴിഞ്ഞ മാസം ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. 'നന്ദിനി', 'പൊന്നമ്പിളി' എന്നീ സീരിയലുകളിലൂടെയാണ് രാഹുൽ ശ്രദ്ധേയനായത്.