
ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്‌ണു ദേവ് സായിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രണ്ടിടത്തേയും ചടങ്ങുകളിൽ മോദിക്ക് പുറമേ ഉന്നത ബി. ജെ. പി നേതാക്കളും പങ്കെടുത്തു.
റായ്‌പൂരിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന ഗോത്രവർഗ നേതാവുമായ വിഷ്‌ണു ദേവ് സായ് അധികാരമേറ്റത്. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അരുൺ സാവോ, വിജയ് ശർമ്മ എന്നിവർ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മോഹൻ യാദവ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ മംഗുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു.
അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നിതിൻ ഗഡ്കരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ 'മാമ....മാമ ' എന്നു വിളിച്ച് ജനം സ്വീകരിച്ചു.