ayyappanachari

തിരുവനന്തപുരം : ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട് 16 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗർ സ്വദേശി കടച്ചൽ അനി എന്ന അനിൽ കുമാറിനെതിരെയാണ് കോടതി കൊലക്കുറ്റം ചുമത്തിയിട്ടുളളത്.കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷിനെയും സഹോദരൻ രാജഗോപാലാശാരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് മറ്റ് പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. ആർ.എസ്.എസ് നഗര സേവാപ്രമുഖായിരുന്നു രാജഗോപാൽ ആശാരി. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ 18 ന് വിധിക്കും.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനും വധശ്രമത്തിനും പുറമെ അന്യായമായ സംഘം ചേരൽ, മാരക ആയുധവുമായുള്ള ലഹള,അതിക്രമിച്ചു കയറൽ,നാശനഷ്ടം ഉണ്ടാക്കൽ,കുറ്റകൃത്യത്തിൽ കൂട്ട് ഉത്തരവാദിത്വവും പങ്കാളിത്വവും ഉണ്ടാകൽ എന്നീ കുറ്റങ്ങളും കോടതി ശരിവച്ചു.19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് പ്രതികളും സംഭവത്തിൽ പരിക്കേറ്റ രാജഗോപാലൻ ആശാരിയും മരിച്ചിരുന്നു. 19 വർഷത്തിന് ശേഷമാണ് വിചാരണ നടന്നത്.

2004 ലെ തിരുവോണ ദിവസമാണ് അയ്യപ്പൻ ആശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്തപ്പൂക്കളത്തിന് പണം നൽകാതെ പൂക്കടയിൽ നിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണക്കാട് മാർക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയിൽ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷും സുഹൃത്ത് രാജേഷും പണം നൽകാതെ പൂക്കൾ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് രാജേന്ദ്രന്റെ സുഹൃത്ത് മണക്കാട് ബലവാൻ നഗർ സ്വദേശി അനിയുടെ നേതൃത്വത്തിലുളള സംഘം സതീഷിന്റെ വീട് ആക്രമിക്കുകയും ആർ.എസ്.എസ് നേതാവ് രാജഗോപാൽ ആശാരി,സഹോദരപുത്രന്മാരായ സതീഷ് രാജേഷ് എന്നിവർക്ക് പരിക്കേൽക്കുകയും രാജഗോപാൽ ആശാരിയുടെ സഹോദരൻ അയ്യപ്പനാശാരി കൊല്ലപ്പെടുകയും ചെയ്തു.

അനിക്ക് പുറമെ കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ സ്വദേശി ഉപ്പ് സുനി എന്ന സുനിൽകുമാർ, സഹോദരൻ അനിൽകുമാർ,തോപ്പുവിളാകം സ്വദേശി മനോജ്,കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ സന്തോഷ് എന്ന പ്രതീഷ്,ഗോവർദ്ധൻ എന്ന സതീഷ് കുമാർ, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്,കളിപ്പാൻകുളം ഉണ്ണി എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു പ്രതികൾ. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.