shaji

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പെരുമ്പൊയിൽ കമലം വീട്ടിൽ പി .എം.ഷാജിയാണ് കൈക്കൂലി യായി വാങ്ങിയ 1500 രൂപ സഹിതം അറസ്റ്റിലായത്.
മലപ്പുറം മുന്നിയൂർ സ്വദേശി ഹാഫിൽ അഹമ്മദ് ആരംഭിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടർ 5000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പലതവണ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. പ്രയാസം അറിയിച്ചപ്പോൾ കൈക്കൂലി തുക 2500 രൂപയായി കുറവ് ചെയ്യാമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സമ്മതിച്ചു. ഇതിൽ 1000 രൂപ ആദ്യം കൈപ്പറ്റുകയും ബാക്കി തുക ഇന്നലെ 11 മണിയോടെ കാരപ്പറമ്പിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡിവൈ.എസ്. പി സുനിൽ കുമാറിനെ അറിയിച്ചതുപ്രകാരം പണം കൈപ്പറ്റുന്നതിനിടെ കാരപ്പറമ്പിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നിന്ന് പിടികൂടുകയുമായിരുന്നു. പ്രതിയുടെ വീട് പരിശോധിച്ച വിജിലൻസ് സംഘം എട്ട് ലക്ഷത്തോളം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.