
വാടാനപ്പള്ളി : ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയവീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ അടച്ചിട്ട കൂറ്റൻ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കമ്പിപ്പാര, ചുറ്റിക എന്നിവ ഉപയോഗിച്ച് വീടിന്റെ മുൻ വശത്തെ വില പിടിപ്പുള്ള വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. വീടിന്റെ അടിയിലേയും മുകളിലേയും റൂമുകളിലെ നാലോളം അലമാരകളും ആറോളം ഷെൽഫുകളും പൊളിച്ച് പരിശോധന നടത്തി. സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. മുകൾ നിലയിലെ വാതിലും പൊളിച്ച നിലയിലാണ്. വീടിന് പുറത്തടക്കം ആറ് സി.സി.ടി.വി കാമറകളുണ്ട്. ഇവയുടെ ഹാർഡ് ഡിസ്‌ക്കും ഡി.വി.ആറും വയറുകൾ അറുത്തു മാറ്റി കൊണ്ടുപോയി. അലമാരയിൽ വിലപിടിപ്പുള്ള മൂന്ന് മൊബൈൽ ഫോണുകൾ സൂക്ഷിച്ചിരുന്നു. വീട്ടുകാർ ദുബൈയിലാണ്. ഇടയ്ക്കിടെ ലീവിന് വന്ന് പോകാറുണ്ട്. അവസാനമായി ഒരു മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. ബന്ധുവായ മുഹമ്മദ് എന്നയാളാണ് വീട് നോക്കി വരുന്നത്. ഇയാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകാനും ചെടികൾ നനയ്ക്കാനുമായി വന്നപ്പോൾ ഗേറ്റിന്റ പൂട്ട് തുറന്നു നോക്കിയപ്പോൾ കമ്പിപ്പാരയും ചുറ്റികയും വീടിന് മുറ്റത്ത് കണ്ടു. സംശയം തോന്നി വാതിലിന് സമീപം എത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ തുറന്നു കിടക്കുന്നത് കണ്ടത്. ഉടനെ വീടിന്റെ ഉടമയേയും വാടാനപ്പള്ളി പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഉടമ ഷിഹാബും ഭാര്യ ഷിമിയും ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തും. ഇവർ വന്നാലേ എന്തല്ലാം നഷ്ടപ്പെട്ടെന്ന് പറയാൻ കഴിയൂ. അതേസമയം ഷിഹാബിന്റെ വീടിന് സമീപം മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടം നിർമ്മാണം നടന്നു വരുന്നുണ്ട്. ഇവിടെ നിന്ന് കമ്പിപ്പാരയും ചുറ്റികയും അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വാതിൽ തകർത്ത് മോഷണം നടത്തിയെന്നാണ് സൂചന. വൈകിട്ട് പൊലീസും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.