
കുന്നംകുളം: സിനിമ കണ്ട് മടങ്ങുകയായിരുന്ന വികലാംഗൻ ഉൾപ്പെടെ മൂന്ന് പേരെ ബൈക്കിലെത്തിയ 12 ഓളം വരുന്ന സംഘം ആക്രമിച്ചു. അഞ്ഞൂർ സ്വദേശി വൈശ്യം വീട്ടിൽ ഷഹനാസ് (21), അഞ്ഞൂർകുന്ന് സ്വദേശി തലപ്പുള്ളി വീട്ടിൽ അഭിജിത്ത് (23 ), കമ്പനിപ്പടി സ്വദേശി കാട്ടിശ്ശേരി വീട്ടിൽ അഭിനവ് (23) എന്നിവർക്കാണ് മർദ്ദനമേറ്റത്.
പരിക്കേറ്റവർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് സിനിമ കണ്ടു മടങ്ങുകയായിരുന്ന മൂന്ന് പേരെയും കുന്നംകുളം വലിയങ്ങാടി എം.ജെ.ഡി സ്‌കൂളിന് സമീപം ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിറുത്തി ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തിലാണ് മൂന്ന് പേർക്കും കാലിനും മുഖത്തും പരിക്കേറ്റത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കുന്നംകുളം അഡീഷണൽ സബ് ഇൻസ്‌പെക്ടർ രമേശ്, സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.