
' കെ.പി.അപ്പന് സാഹിത്യ വിമർശനം ജീവശ്വാസം പോലെയായിരുന്നു.' -കെ.പി.അപ്പൻ നിഷേധിയും മഹർഷിയും എന്ന പേരിൽ തയ്യാറാക്കിയ ജീവചരിത്ര ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പ്രസന്നരാജൻ എഴുതി.അപ്പനെന്ന മഹാ പ്രതിഭയ്ക്ക് പ്രശസ്ത സാഹിത്യ വിമർശകനായ പ്രസന്നരാജൻ അർപ്പിക്കുന്ന അക്ഷരാർച്ചനയാണ് ഈ ജീവചരിത്രം. നിഷേധത്തിന്റെ കരുത്തും സൗന്ദര്യവുമായി സാഹിത്യ വിമർശനകലയിൽ സ്വന്തവും സ്വതന്ത്രവുമായ ചിന്തയുടെ പ്രകാശ ഗോപുരങ്ങൾ ഉയർത്തിയ കെ.പി.അപ്പൻ കടന്നു പോയിട്ട് ഇന്ന് പതിനഞ്ച് വർഷമാകുന്നു.
ഗ്ളാക്സോ വേഷ്ടിമുണ്ട്.കൈമുട്ടിനു മുകളിൽ മടക്കിവച്ച തൂവെള്ള ഫുൾക്കൈ ഷർട്ട്.
പ്രീമിയർ പദ്മിനി ഫിയറ്റ് കാർ ഡ്രൈവ് ചെയ്ത് കൊല്ലം എസ്.എൻ.കോളേജിന്റെ പോർട്ടിക്കോയിൽ വന്നിറങ്ങിയിരുന്ന കാർത്തികയിൽ പദ്മനാഭൻ അപ്പൻ എന്ന കെ.പി.അപ്പനെ കണ്ടാൽ ഒരു സിനിമ താരമാണോയെന്നു തോന്നിപ്പോകുമായിരുന്നു. താരമായിരുന്നില്ലെങ്കിലും താരപദവിയുള്ള എഴുത്തുകാരനായിരുന്നു അപ്പൻ. കാറിൽ നിന്നിറങ്ങി കോളേജിന്റെ പോർട്ടിക്കോയിലൂടെ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് മന്ദംമന്ദം നടന്നു നീങ്ങുന്ന അപ്പൻസാറിനെ നോക്കി ആരാധനയോടെ നിന്ന ശിഷ്യർ അദ്ദേഹത്തിന്റെ ധിഷണയെയും വ്യക്തിപ്രഭാവത്തെയും ഒരുപോലെ വണങ്ങിയിരുന്നു.
ഒരിക്കൽ എം.പി.നാരായണപിള്ള തമാശയായി എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു.' പ്രിയപ്പെട്ട അപ്പന് ,ഇതൊരു സ്വകാര്യ കത്താണ്. ഒരു വിവരം അറിയാൻ വേണ്ടിയാണ് എഴുതുന്നത്.താങ്കൾ നിത്യയൗവനം കാത്തുസൂക്ഷിക്കുന്ന ആളാണെന്ന് അറിഞ്ഞു.എന്താണ് താങ്കളുടെ സൗന്ദര്യ രഹസ്യം?.എന്ത് മരുന്നാണ് ഉപയോഗിക്കുന്നത്.ആയുർവേദം?, അലോപ്പതി?,യുനാനി?.ഏതാണെന്ന് തുറന്നു പറയുക എനിക്ക് ഉപയോഗിക്കാനാണ്.ഈ വിവരം ഞാൻ ആരോടും പറയില്ല.രഹസ്യമായി വയ്ക്കും.സഹകരണം പ്രതീക്ഷിക്കുന്നു. എന്ന് സ്വന്തം എം.പി.നാരായണപിള്ള. അപ്പൻ സാർ ഈ കത്ത് വായിച്ചു ചിരിച്ചു.ഉറ്റ സുഹൃത്തുക്കൾക്ക് വായിക്കാനും നൽകി.
'സാഹിത്യത്തിലെ പരമ്പരാഗത മൂല്യങ്ങളോട്, ഉറച്ചുപോയ ശീലങ്ങളോട്, ചിട്ടകളോട്, വ്യവസ്ഥകളോട്, സദാചാര മൂല്യങ്ങളോട്, ജീർണ്ണിച്ചസാംസ്ക്കാരികവും,രാഷ്ട്രീയവുമായ മൂല്യങ്ങളോട്, പഴകിയ ലാവണ്യ ബോധത്തോട് നിരന്തരം ഏറ്റുമുട്ടിയും കലഹിച്ചുമാണ് അപ്പന്റെ വിമർശനകല ആദ്യം മുതൽ അവസാന കാലം വരെ നീങ്ങി'യതെന്ന് പ്രസന്നരാജൻ പുസ്തകത്തിലെ ആമുഖക്കുറിപ്പിൽ പറയുന്നുണ്ട്. തത്ത്വചിന്തയിൽ നിന്നും സൗന്ദര്യ സിദ്ധാന്തത്തിൽ നിന്നും പലതും സ്വീകരിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നിന്നും ഉദിച്ചുവരുന്ന വെളിച്ചത്തിലാണ് അപ്പനിലെ വിമർശകൻ ശബ്ദിച്ചിരുന്നത്.മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ദാർശനികമായ ആശയങ്ങളിലെ അഗാധമായ പ്രകാശം അപ്പന്റെ ചിന്തകൾക്കും ശക്തിയും സൗന്ദര്യവുമേകുന്നുണ്ട്. പ്രസന്നരാജന്റെ പുസ്തകം അപ്പനെ ഇഷ്ടപ്പെടുന്നവർ മാത്രമല്ല സാഹിത്യാസ്വാദകരും ഭാഷാ സ്നേഹികളും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.
ഏകാന്തസുന്ദരവും ചന്ദ്രികാചർച്ചിതവുമായ രാത്രിയിൽ പ്രണയിനിയോടൊപ്പം പങ്കിട്ട പൂനിലാവിന്റെ മന്ദസ്മിതം പോലെ, അഗാധമായ നീലിമയിൽ കടലിന്റെ മാസ്മരിക സൗന്ദര്യം പോലെ , രചനയുടെ ആകാശത്ത് നക്ഷത്രങ്ങളായി ജ്വലിച്ച വാക്കുകൾ. അപ്പന്റെ ഭാഷ ഒരേ സമയം ഉൾക്കടലിന്റെ ആഴവും ആകാശത്തിന്റെ അനന്തതയും ആവാഹിച്ചിരുന്നു.
ഒരു എഴുത്തുകാരന്റെ ഭാവങ്ങളില്ല.അദ്ധ്യാപകൻ ആണെങ്കിലും കൈയ്യിൽ അത്യപൂർവ്വമായിട്ടേ പുസ്തകം കാണുകയുള്ളു.എന്നാൽ അപ്പൻസാറിന്റെ മലയാളം ക്ളാസുകൾ എന്നും ഹൗസ് ഫുള്ളായിരുന്നു. നിറഞ്ഞോടുന്ന സിനിമ പോലെ, എന്നും ഹിറ്റായി. മറ്റു വിഷയങ്ങൾ പഠിക്കുന്നവരിലെ സാഹിത്യപ്രേമികളും ആ ക്ളാസ് കേൾക്കാൻ വന്നിരുന്നു. പാഠഭാഗത്തിനപ്പുറം വിശ്വസാഹിത്യത്തിലെ കഥകളിലൊന്ന് പറഞ്ഞ് അപ്പൻസാർ വിദ്യാർത്ഥികളുടെ മനസിൽ കസേര വലിച്ചിട്ടിരിക്കും.ആ കഥയിലൂടെയായിരിക്കും പാഠ്യഭാഗത്തിലേക്ക് വരിക. ഒരിക്കൽ മാത്രമെ അപ്പൻസാറിന്റെ കണ്ണ് നിറഞ്ഞു കണ്ടിട്ടുള്ളു.അത് അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച് ദിവസമായിരുന്നു.ഒരു താപസവൃത്തിയായിരുന്നു സാറിന് അദ്ധ്യാപനം.കൊല്ലം എസ്.എൻ.കോളെജ് എന്ന മഹാ പാഠശാലയിലെ താപസനായിരുന്നു അപ്പൻ സാർ.' ഞാൻ ആരുമല്ലെന്ന് എനിക്കറിയാം.എന്നാൽ ക്ളാസ് മുറിയിൽ നിൽക്കുമ്പോൾ എന്റെ തന്നെ ഉള്ളിലെ അപരിചിതനായ ഒരു ഉന്നതനെ ഞാൻ തിരിച്ചറിയുന്നു.ഇതാണ് എനിക്ക് അദ്ധ്യാപനത്തിന്റെ ത്രിൽ പകരുന്നത്.' അദ്ധ്യാപനത്തെക്കുറിച്ച് അദ്ദഹം പറഞ്ഞതായിരുന്നു.അന്ന് കോളേജ് പ്രിൻസിപ്പലായിരുന്ന ഏവരുടെയും ആരാധനാപാത്രമായ ഡോ.എസ്.ശ്രീനിവാസൻ സാർ അപ്പനെ ആദരവോടെയാണ് കണ്ടിരുന്നത്.തിരിച്ചും അങ്ങനെതന്നെയായിരുന്നു.
ചേർത്തല എസ്.എൻ.കോളേജിൽ നിന്നാണ് കൊല്ലം എസ്.എൻ.കോളേജിലേക്ക് അപ്പൻസാർ വന്നത്.കൊല്ലത്തെ രണ്ടാം ജന്മനാട് എന്ന് വിശേഷിപ്പിച്ച് സ്ഥിരതാമസമാക്കി.കാഫ്കയേയും സാർത്രിനേയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളടക്കം ആദ്യസമാഹാരം സ്നേഹിതൻ പ്രൊഫ.കല്ലട രാമചന്ദ്രനാണ് എൻ.ബി.എസിന് പ്രസിദ്ധീകരണത്തിന് നൽകിയത്. ' ക്ഷോഭിക്കുന്നവരുടെ സുവിശേഷം 'എന്ന് പേരിട്ട ആ കൃതി മലയാള സാഹിത്യത്തിലെ ആധുനികതയുടെ ബൈബിളായി വിലയിരുത്തപ്പെട്ടു.ഫിക്ഷന്റെ അവതാര ലീലകൾ ആയിരുന്നു അവസാനകൃതി. ലോക പ്രശസ്തമായ 100 നോവലുകളെക്കുറിച്ച് എഴുതാനായിരുന്നു പ്ളാൻ.പക്ഷേ 35 എണ്ണം മാത്രമേ എഴുതി പൂർത്തീകരിക്കാനായുള്ളു.ബൈബിൾ അപ്പൻസാറിന് ഏറ്റവും പ്രിയങ്കരമായിരുന്നു.ബൈബിളിൽ നിന്നുള്ള ഉൾക്കാഴ്ച അദ്ദേഹത്തിന്റെ ഭാഷയെ സ്വാധീനിച്ചിരുന്നു.ബൈബിൾ വെളിച്ചത്തിന്റെ കവചം, കന്യാമറിയത്തെക്കുറിച്ചെഴുതിയ മധുരം നിന്റെ ജീവിതം.എന്നിവ ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ' ചരിത്രത്തെ അഗാധമാക്കിയ ഗുരു ' ഉത്തരാധുനികത വംശവും വംശാവലിയും,ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക തുടങ്ങി 32 കൃതികൾ . മലയാള ഭാഷയ്ക്ക് എന്നും മുതൽക്കൂട്ടാണവ.ഓരോ വർഷാന്ത്യത്തിലും അപ്പൻ തിരഞ്ഞെടുത്തിരുന്ന കൃതികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. കാലം എത്ര കടന്നുപോയാലും അപ്പന്റെ വാക്കുകൾ അനശ്വരമായി നിലകൊള്ളുന്നു.