കൊല്ലം: പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം വെണ്ടാറിൽ വീടുകയറി ആക്രമിച്ചതായി പരാതി. വെണ്ടാർ ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപത്തെ കളങ്ങുവിള വീട്ടിൽ ഡി.പ്രമോദ്(55), ഭാര്യ ഷീജാകുമാരി(43) എന്നിവരെയാണ് മർദ്ദിച്ചത്. മൈലം ഗ്രാമപഞ്ചായത്തംഗം മൂഴിക്കോട് ശ്രീഭവനിൽ എം.എസ്.ശ്രീകുമാർ, സുഹൃത്തുക്കളായ മൂഴിക്കോട് കൈലാസിൽ അനിൽ കുമാർ, മൂഴിക്കോട് മലവീട്ടിൽ അഭിലാഷ് എന്നിവരാണ് അക്രമം കാട്ടിയത്. നവംബർ 26ന് രാത്രി 10ന് ആയിരുന്നു സംഭവം. പ്രതികളുടെ സുഹൃത്തുക്കൾക്കെതിരെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എസ്.ശ്രീകുമാറും സംഘവും പ്രമോദിന്റെ വീട്ടിലെത്തിയത്. കതക് തുറന്ന് പുറത്തുവന്ന പ്രമോദിന്റെ കവിളത്ത് അടിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ടൈൽസ് എടുത്ത് കൈയിൽ അടിക്കുകയും ചെയ്തു. തടസം പിടിക്കാനെത്തിയ ഷീജയെയും മർദ്ദിച്ചു. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് അക്രമികൾ വീടുവിട്ടുപോയത്. തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകി. പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താൽ പൊലീസ് കേസെടുക്കാൻ മടിച്ചു. പിന്നീട് ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകുമെന്നറിയിച്ചപ്പോഴാണ് 29ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയ സംഭവമായിട്ടും പ്രതികളുടെ പരാതിയിൽ പ്രമോദിനെതിരെയും പൊലീസ് കൗണ്ടർ കേസെടുത്തു. ഇതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് വീട്ടുകാർ. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ സഹോദരന്റെ പുത്രനാണ് അക്രമിക്കപ്പെട്ട പ്രമോദ്.