
നവോത്ഥാന കേരളസൃഷ്ടിയിൽ വൈക്കം സത്യഗ്രഹം നൽകിയ സംഭാവനകൾ അമൂല്യമാണ്.നൂറാം പിറന്നാൾ ആഘോഷിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശിൽപിയും നിർവാഹകനും ടി.കെ. മാധവനാണ്. അദ്ദേഹത്തിന്സത്യഗ്രഹ സമരത്തിനുള്ള ശിക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകിയതാവട്ടെ, മതമേതായാലും മനുഷ്യൻ നന്നായാൽമതിയെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുദേവനും. ഈ ചരിത്ര സത്യം തമസ്കരിക്കാനുള്ള സംഘടിത ഗൂഢനീക്കങ്ങൾ ശതാബ്ദി കൊണ്ടാടുന്ന ഈ വേളയിലും ഒളിഞ്ഞും തെളിഞ്ഞും തുടരുന്നതിൽ ജാതിക്കുശുമ്പന്മാർആത്മനിർവൃതി കണ്ടെത്തുകയാണ്.
കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ച് 2019-ൽ സംസ്ഥാന സർക്കാർ ഇറക്കിയ കൈപ്പുസ്തകത്തിൽ പോലും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് അർദ്ധസത്യങ്ങളും വിചിത്ര വാദങ്ങളും പക്ഷപാത നിലപാടുകളും കുത്തി നിറച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം. വൈക്കം സത്യഗ്രഹം വിവരിക്കുന്ന ഭാഗത്ത് ടി.കെ. മാധവനെപ്പറ്റി പരാമർശമില്ല. പകരം, സത്യഗ്രഹത്തിന് ധാർമ്മിക പിന്തുണയുമായി നടത്തിയ സവർണ്ണ ജാഥയ്ക്കാണ് മുൻതൂക്കം!
ഗുരുദേവൻ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് വർഷങ്ങൾക്കു മുമ്പ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ശിവ പ്രതിഷ്ഠനടത്തിയിരുന്നുവെന്നും പറയുന്നു. അസത്യവും തെറ്റിദ്ധാരണയും പരത്തുന്ന ഇത്തരം വക്രോക്തികൾക്കു പകരം യഥാർത്ഥ ചരിത്ര വസ്തുതകൾ പുതുതലമുറകളെ ബോദ്ധ്യപ്പെടുത്തേണ്ടതും സത്യവും നീതിയും കാംക്ഷിക്കുന്ന ചരിത്ര പണ്ഡിതന്മാരുടെ കടമാണ്.
ഈ പശ്ചാത്തലത്തിൽ, അടുത്തിടെ പുറത്തിറങ്ങിയ 'വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും- തമസ്കരിക്കപ്പെടുന്ന ചില ചരിത്ര യാഥാർത്ഥ്യങ്ങൾ' എന്ന പുസ്തകത്തിന്റെ കാലിക പ്രസക്തിയും അനിവാര്യതയും വർദ്ധിക്കുന്നു. എഴുത്തുകാരനും സാമ്പത്തിക വിദഗ്ദ്ധനും കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ മേധാവിയുമായ ഡോ.എം. ശാർങ്ഗധരനാണ് രചയിതാവ്. ഗുരുദേവന്റെ ആത്മീയ സംഘടനയായ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അഡ്മിനിസ്ട്രറ്ററെന്ന പദവി രണ്ടുവർഷത്തോളം വഹിക്കാൻ ഗുരുകടാക്ഷം ലഭിച്ച അദ്ദേഹത്തിന്റെ ഈ കൃതി ചരിത്രസത്യങ്ങളുടെ പുനരാഖ്യാനമാണ്.
'ക്ഷേത്ര പ്രവേശനം എന്റെ ജന്മാവകാശമാണെ'ന്ന് 1919-ൽ ശ്രീമൂലം പ്രജാസഭയിൽ പ്രസംഗിച്ച ടി.കെ. മാധവൻ,
1924-ൽ തുടക്കം കുറിച്ച വൈക്കം സത്യഗ്രഹം ഒറ്റയാൾ പോരാട്ടത്തിന്റെ ഉജ്ജ്വല ഗാഥയാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. മാധവനും ഗുരുദേവനും കണ്ടുമുട്ടുന്ന സന്ദർഭങ്ങളുടെയും ഗാന്ധിജിയുടെയും വിഖ്യാത ചരിത്രകാരൻ സർദാർ കെ.എം. പണിക്കരുടെയും മറ്റും സാക്ഷ്യപത്രങ്ങളുടെയും നേർച്ചിത്രവും ഇതിനാധാരമായി വരച്ചു കാട്ടുന്നു.
സഞ്ചാര സ്വാതന്ത്ര്യത്തിനു പിന്നിലെ ഭീതിജനകമായ ചരിത്ര പശ്ചാത്തലവും സത്യഗ്രഹികളും അണിയറയിൽ നിന്ന് അവർക്ക് പിന്തുണയേകിയവരും സഹിച്ച യാതനകളും വായനക്കാരന് അനുഭവവേദ്യമാകുന്നു. സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ, ആമചാടി കണ്ണൻ തേവൻ എന്ന കർഷകന്റെ കണ്ണിൽ മേൽജാതിക്കാർ നിയോഗിച്ച ഗുണ്ടകൾ ചൂണ്ണാമ്പ് കലക്കിയൊഴിച്ചു.
കാഴ്ച നഷ്ടപ്പെട്ട തേവനെ ക്ഷേത്ര പരിസരം അശുദ്ധമാക്കിയ കുറ്റത്തിന് ജയിലിലടച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കി. അങ്ങനെ, വിസ്മരിക്കപ്പെട്ട എത്രയോ ധീരയോദ്ധാക്കൾ നേരിട്ട പീഡനങ്ങൾ! ഭാവി തലമുറയ്ക്കും ചരിത്ര വിദ്യാർത്ഥികൾക്കു പ്രയോജനപ്രദമായ ഈ പുസ്തകത്തിന്റെ രചന ഡോ.എം. ശാർങ്ഗധരന് കൈവന്ന മറ്റൊരു ഗുരുനിയോഗമാണ്. മെലിൻഡ ബുക്സ് ആണ് പ്രസാധകർ.