jishnu

കായംകുളം: ലഹരിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ക്രൂരമായ മർദ്ദനത്തിനും ജാതീയ അധിക്ഷേപത്തിനും ഇരയായെന്ന ആരോപണവുമായി കോളേജ് വിദ്യാർത്ഥി രംഗത്തെത്തി. കായംകുളം എം.എസ്.എം കോളേജിലെ ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥിയും എരുവ കൃഷ്ണാലയത്തിൽ കൃഷ്ണദാസ് - സുധ ദമ്പതികളുടെ മകനുമായ ജിഷ്ണു പ്രസാദാണ് (20) കോളേജിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചത്. റാഗിംഗ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കായംകുളം പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി.

അതേ സമയം, മറ്റൊരു വിദ്യാർത്ഥിയെ മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജിഷ്ണുവിനെ പ്രതി ചേർത്ത് കേസെടുത്തതായും ജിഷ്ണുവിന്റെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും കായംകുളം പൊലീസ് പറഞ്ഞു.

ജിഷ്ണു പറയുന്നത് :

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കോളേജിലെ പൂർവ്വവിദ്യാർത്ഥികളിൽ ചിലർ കാമ്പസിനുള്ളിൽ കാർ അമിത വേഗതയിലോടിച്ചും ബൈക്കിനു മുന്നിൽ റോട്ട് വീലർ നായ്ക്കളെ ഇരുത്തിക്കൊണ്ടുവന്നും വിദ്യാർത്ഥികളെ ഭയപ്പെടുത്താറുണ്ടായിരുന്നു. ഇവർക്ക് ലഹരി, സ്വർണ ഇടപാടുകളിൽ ബന്ധമുണ്ടെന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നപ്പോൾ താൻ സഹവിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകരും സീനിയർ വിദ്യാർത്ഥികളുമായ നാലംഗ സംഘം തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയും മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും, തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ ഡിസ്ചാർജ്ജായി. നട്ടെല്ലിന് പരിക്കേറ്റതിനാൽ പൂർണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് പറയുന്നത്:

ജിഷ്ണുവും സംഘവും ചേർന്ന് സീനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പരീക്ഷ എഴുതാനെത്തിയ മൂന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിക്കുകയും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിദ്യാർത്ഥിയുടെ പരാതിയിൽ സുമേഷ് എന്ന വിദ്യാർത്ഥിയെ ഒന്നാം പ്രതിയും ജിഷ്ണുവിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.