pic

ദുബായ്: ഐക്യരാഷ്‌ട്ര സഭയുടെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ ആഗോള താപനത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ധാരണ. ഇത് സംബന്ധിച്ച കരാറിൽ 200ഓളം രാജ്യങ്ങൾ ഒപ്പിട്ടു. തിരക്കിട്ട ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് സമവായത്തിലെത്തിയത്. ഉച്ചകോടിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്കൽക്കരി, പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻധാരണയിലെത്തുന്നത്.

അതേസമയം, ഇവയുടെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പസഫിക് ദ്വീപ് രാജ്യങ്ങൾ ഉച്ചകോടിക്കിടെ ആവശ്യം ശക്തമായി ഉന്നയിച്ചെങ്കിലും സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉത്പാദക രാജ്യങ്ങൾ എതിർത്തു.ആഗോള താപനത്തിലേക്ക് നയിക്കുന്ന മീഥേനിന്റെ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികൾ മുന്നോട്ടുവച്ചിട്ടില്ല. ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന ഇന്ത്യയടക്കമുള്ള പ്രതിനിധികൾ അംഗീകരിച്ചു.

 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ

 ഭൂമിയിലെ ശരാശരി താപനിലയിൽ വന്നിട്ടുള്ള ഉയർച്ച, വ്യവസായവത്കരണത്തിന് മുമ്പുള്ളതിൽ നിന്ന് ശരാശരി 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ വരെ പരിമിതപ്പെടുത്താൻ ആഴത്തിലും വേഗത്തിലും സുസ്ഥിരവുമായ നടപടികൾ ആവശ്യം

 പുനരുപയോഗ ഊർജശേഷി 2030ഓടെ മൂന്നിരട്ടിയാക്കണം

 കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താത്ത കൽക്കരി ഊർജത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണം

കാർബൺ ക്യാപ്ചർ പോലുള്ള സാങ്കേതികവിദ്യകൾ ത്വരിതപ്പെടുത്തണം

 കാര്യക്ഷമമല്ലാത്ത ഫോസിൽ ഇന്ധന സബ്സിഡികൾ എത്രയും വേഗം നിറുത്തലാക്കണം