k

ന്യൂഡൽഹി : പാർലമെന്റിൽ അതിക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ പേ‌ർക്ക് പങ്കെന്ന് പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ നാലുപേർക്ക് പുറമേ രണ്ടുപേർ കൂടി പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ആറുപേർക്കും പരസ്പര ബന്ധമുണ്ട്. പാർ‌ലമെന്റിന് അകത്തും പുറത്തും വാതകം സ്പ്രേ ചെയ്തവർക്ക് പുറമേ രണ്ടുപേർ കൂടി സംഘത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

ലോക്‌സഭയിൽ ശൂന്യവേളയ്ക്കിടെയാണ് ഗാലറിയിൽ നിന്ന് രണ്ടുപേർ നടുത്തളത്തിലേക്ക് ചാടിയത്. രണ്ടുപേർ സഭയ്ക്കുള്ളിൽ കയറിയും രണ്ടുപേർ പാർലമെന്റ് മന്ദിരത്തിന് പുറത്തും അതിക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറത്തിലുള്ള കളർ സ്മോക്ക് പ്രയോഗിക്കുകയായുമായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സ്പീക്കർ രണ്ട് മണിക്ക് സഭ പുനരാരംഭിച്ചപ്പോൾ അറിയിച്ചു. അന്വേഷണത്തിൽ ചേരാൻ ഡൽഹി പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സാഗ‌ർ ശർമ്മ, ഡി മനോരഞ്ജൻ എന്നീവരാണ് ലോക്സഭയിൽ നുഴഞ്ഞുകയറിയത്. ഇതിൽ മനോരഞ്ജൻ എൻജിനീയറിംഗ് ബിരുദധാരിയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിക്രമിച്ചു കടന്നവരിൽ ഒരാളിൽ നിന്ന് ബി.ജെ.പി എംപി നൽകിയ പാസും പിടിച്ചെടുത്തിട്ടുണ്ട്. മെെസൂരുവിൽ നിന്നുള്ള ബി.ജെ,​പി എം,​പി പ്രതാപ് സിൻഹയുടെ ഓഫീസിൽ നിന്നുമാണ് ഇയാൾക്ക് പാസ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള അമോൽ എന്നയാളെയും ഹരിയാനയിലെ ഹിസാർ സ്വദേശിയായ നീലം എന്ന യുവതിയെയുമാണ് പാർലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് സുരക്ഷാ വീഴ്‌ചയെന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.എംപിമാർ ചേർന്നാണ് യുവാക്കളെ കീഴ്‌പ്പെടുത്തിയതെന്നും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും കോൺഗ്രസ് എം പി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.