japan-elders

ലോകത്ത് ഏറ്റവുമധികം 100 വയസ് പിന്നിട്ട പൗരന്മാരുള്ള രണ്ടാമത് രാജ്യമാണ് ജപ്പാൻ. പസഫിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ദ്വീപസമൂഹങ്ങൾ ചേർന്ന ഈ വികസിത രാജ്യത്ത് 90000ന് മേൽ ആളുകളാണ് 100 വയസ് പിന്നിട്ടത്. 90 കഴിഞ്ഞവരുമുണ്ട് നിരവധി. 98,000ലധികം പേരുള്ള അമേരിക്കയാണ് ഈ കണക്കിൽ ഒന്നാമത്. എങ്കിലും എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ സന്തോഷത്തോടെ നൂറാം വയസും പിന്നിട്ട് ജപ്പാനിൽ ജീവിക്കുന്നതെന്നറിയാമോ? ഏവരും മാതൃകയാക്കേണ്ട അഞ്ച് കാര്യങ്ങൾ അവർ പരമ്പരാഗതമായി കാത്തുവരുന്നതുകൊണ്ടാണത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നായിരുന്ന ജപ്പാനിൽ അമേരിക്ക രണ്ട് അണുബോംബ് വർഷിച്ചിരുന്നു. ഇത് അന്നും പിന്നീട് തലമുറകളോളവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചു. ഇതിനുപുറമേ റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന അഗ്നിപർവതങ്ങൾ നിറഞ്ഞ ഭാഗത്താണ് ജപ്പാന്റെ നിൽപ്പ്. ഇതിനൊപ്പം ഇവയുണ്ടാക്കുന്ന പൊട്ടിത്തെറിയും സുനാമികളും എല്ലാം രാജ്യം കഠിനാധ്വാനികളായ ജനങ്ങളാൽ അതിജീവിക്കാറുണ്ട്. ജനിതകമായ കാരണങ്ങളാലല്ല മറിച്ച് തങ്ങളുടെ ശീലങ്ങളിലൂടെയാണ് ജപ്പാൻകാർ ഈ നേട്ടം കൈവരിച്ചത്.

പോഷകസമ്പന്നമായ ആഹാരശീലം: ജപ്പാനിൽ ഏറ്റവും കൂടുതൽ ലഭിക്കുക കടൽ വിഭവങ്ങളാണ്. ഇതോടൊപ്പം കടൽപായൽ, ഓരോ സീസണിലുമുളള പഴങ്ങൾ, വേവിക്കാത്ത ആഹാരസാധനങ്ങൾ ഇവ ജപ്പാൻകാർ സ്ഥിരമായി കഴിക്കുന്നുണ്ട്. ഈ പോഷകാഹാരങ്ങൾ പ്രതിരോധശക്തിയെയടക്കം വർദ്ധിപ്പിക്കും.

ശാരീരികാദ്ധ്വാനം: ശരീരമനങ്ങിയുള്ള ജോലി ചെയ്യുന്നതിൽ ജപ്പാൻകാർക്കുള്ള വൈദഗദ്ധ്യം പ്രശസ്‌തമാണ്. ഒപ്പം വ്യായാമത്തിലും ഇവർ തൽപരരാണ്. സ്വന്തം വാഹനം ഉപയോഗിക്കുന്നതിന് പകരം പൊതുഗതാഗതം പരമാവധി ഉപയോഗിക്കണം എന്ന ചിന്തയും ഇവർക്കുണ്ട്. ഇതെല്ലാം ശാരീരികാദ്ധ്വാനം വർദ്ധിക്കുമ്പോൾ ആരോഗ്യം നിലനിൽക്കാൻ സഹായിക്കും.

ചായ: അതെ ചായയും ആരോഗ്യത്തിന് കാരണമാണ് ജപ്പാനിൽ. ഗ്രീൻടീയടക്കം ആരോഗ്യദായകമായ ചായകുടിയാണ് ഇവിടെയുള്ളത്. അതോടൊപ്പം ഭക്ഷണം കഴിക്കുന്നത് പ്രത്യേകമായ ചിട്ടവട്ടങ്ങളും അത് ഭംഗിയായി ചെയ്യാനും ജപ്പാൻകാർ ശ്രദ്ധിക്കാറുണ്ട്. ഇത് ആരോഗ്യകരമായ ജീവിതം നൽകുന്നു.

ആരോഗ്യമേഖല: മുതിർന്നവരോട് വളരെയധികം മമതയോടെയും ആദരവോടെയും പെരുമാറുന്ന ജപ്പാൻകാർ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പഴുതടച്ച ആരോഗ്യ സുരക്ഷ തന്നെ എല്ലാ പ്രായക്കാ‌ർക്കും വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. 1960 മുതലാണിത്. ഇത്തരം പല ഘടകങ്ങളാണ് ജപ്പാനിലെ ജനങ്ങളുടെ ദീർഘായുസിന് പിന്നിൽ.