
കുറ്റപ്പെടുത്തി യു.എസും, ഒറ്റപ്പെട്ട് ഇസ്രയേൽ
വെടിനിറുത്തൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ടെൽ അവീവ് : ഹമാസ് പോരാളികളെ തകർക്കാൻ ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടൽജലം പമ്പ് ചെയ്യാൻ തുടങ്ങിയെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ഇത്തരമൊരു പദ്ധതി ഇസ്രയേലിന്റെ പരിഗണനയിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സ്കൂൾ, ആശുപത്രി തുടങ്ങിയ സിവിലിയൻ കെട്ടിടങ്ങളുടെ അടിയിൽ ഹമാസിന്റെ ടണലുണ്ടെന്നാണ് ഇസ്രയേലിന്റെ കണ്ടെത്തൽ. അതേ സമയം, മെഡിറ്ററേനിയൻ കടലിലെ വെള്ളം കൊണ്ട് ടണലുകൾ മുക്കിയാൽ സാധാരണക്കാർ ദുരിതത്തിലാകും. കുടിവെള്ള സ്രോതസുകൾ മലിനമാകും. ഹമാസിന്റെ പിടിയിൽ തുടരുന്ന 137 ബന്ദികൾ ടണലുകളിലുണ്ടെന്ന ആശങ്കയുമുണ്ട്.
അതേസമയം, ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെതിനെ യു.എസ് അടക്കമുള്ള സഖ്യകക്ഷികൾ കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുന്നു. ഗാസയിൽ വെടിനിറുത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ട് ഇന്നലെ യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അടക്കം 153 രാജ്യങ്ങൾ അനുകൂലിച്ചു. യു.എസ് അടക്കം 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു.
ഇതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിലപാട് മയപ്പെടുത്തണമെന്നും ആഗോള പിന്തുണ ഇടിയുന്നെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്രയേൽ.
ചൊവ്വാഴ്ച ഒരു കേണൽ അടക്കം 10 സൈനികരെയാണ് ഇസ്രയേലിന് ഗാസയിൽ നഷ്ടമായത്. ഒരു മാസത്തിനിടെ ഇസ്രയേലിന്റെ ഏറ്റവും വലിയ ആൾനാശമാണിത്.
ഗാസയിലെ മരണം 18,600 കടന്നു
ഗാസയുടെ വടക്കും തെക്കും ആക്രമണം തുടരുന്നു
ശക്തമായ മഴ ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം ഇരട്ടിയാക്കി
24 മണിക്കൂറിനിടെ 250ലേറെ ഹമാസ് കേന്ദ്രങ്ങൾ തകർത്തു
ഗാസയിലെ ബോംബാക്രമണം മൂലം ഇസ്രയേലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടാൻ തുടങ്ങി. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇസ്രയേലിന് താത്പര്യമില്ല. നെതന്യാഹു സർക്കാരിന്റെ കടുത്ത നിലപാട് മാറ്റേണ്ടതുണ്ട്.
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്