
കീവ് : കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയുടെ 3,15,000 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്. 2,200 ടാങ്കുകൾ തകർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി യു.എസിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. റഷ്യക്കെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കാൻ കൂടുതൽ ആയുധ സഹായം തേടിയാണ് സെലെൻസ്കി യു.എസിലെത്തിയത്.
15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്ന് കഴിഞ്ഞ വർഷം ജൂലായിൽ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ് അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ, സിവിലിയൻമാരെയും ജയിൽപ്പുള്ളികളെയും യുക്രെയിനിലെ പോരാട്ടത്തിന് റഷ്യ വ്യാപകമായി റിക്രൂട്ട് ചെയ്തത് സൈനികർക്കിടെയിലെ ആൾനാശം മറികടക്കനാണെന്ന് പറയുന്നു. അതേ സമയം, റിപ്പോർട്ടുകൾ റഷ്യ തള്ളി. ഇരുഭാഗത്തും ഇതുവരെ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന യഥാർത്ഥ കണക്കുകൾ യുക്രെയിനോ റഷ്യയോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.