death
death

ബൊഗോട്ട: അമേരിക്കന്‍ കൊമേഡിയന്‍ ടോ ജര്‍ ഷിയോങ് കൊളംബിയയിലെ ബീച്ചില്‍ കൊല്ലപ്പെട്ട നിലയില്‍. അവധിക്കാലം ആഘോഷിക്കാന്‍ കൊളംബിയയിലേക്ക് പോയതിന് പിന്നാലെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. ഇയാളുടെ സഹോദരന്‍ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

മിനെസോട്ടയില്‍ താമസമാക്കിയ ഏഷ്യന്‍ വംശജനായ ടോ ജര്‍ ഷിയോങ് കൊമേഡിയനും ആക്ടിവിസ്റ്റുമാണ്. അവധിക്കാലം ആഘോഷിക്കാന്‍ നവംബര്‍ മാസം 29നാണ് ഇയാള്‍ ലാറ്റിനമേരിക്കന്‍ രാജ്യത്തിലേക്ക് പോയത്. മെഡ്‌ലിനിലെത്തിയ ഇയാള്‍ അവധിക്കാലം മുഴുവന്‍ ഇവിടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു.

ഡിസംബര്‍ 11 തിങ്കളാഴ്ച ഇയാള്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ തീരുമാനിച്ചു. ബീച്ചില്‍ നേരില്‍കാണാമെന്ന് തീരുമാനിച്ചതനുസരിച്ച് ഷിയോങ് അവിടെയെത്തിയതിന് പിന്നാലെ അജ്ഞാത സംഘം ഇയാളെ മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി.

പിന്നീട് ഇവരുടെ കസ്റ്റഡിയില്‍വെച്ച് ഷിയോങ് തന്നെ മോചനദ്രവ്യമായി 2000 ഡോളര്‍ ബന്ധുക്കളെ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസം ഈ പണത്തിന്റെ കാര്യം പറഞ്ഞ് വിളിക്കാമെന്ന് സൂചിപ്പിച്ച അജ്ഞാതസംഘം വിളിച്ചില്ല. സമീപത്തെ ഒരു തടാകത്തില്‍ നിന്ന് ടോ ജര്‍ ഷിയോങ്ങിന്റെ മൃതദേഹമാണ് ലഭിച്ചത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് കൊളംബിയന്‍ പൊലീസ്. ഷിയോങ്ങിന്റെ ശരീരത്തില്‍ കത്തിക്കുത്ത് ഏറ്റതിന്റേയും മര്‍ദ്ദനത്തിന്റേയും നിരവധി പാടുകളുണ്ടായിരുന്നു.