
തിരുവനന്തപുരം/തൊടുപുഴ: കേരളത്തിൽ എട്ടു വർഷത്തിനു ശേഷം ആം ആദ്മി പാർട്ടി (എ.എ.പി) തദ്ദേശ ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയം നേടി. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡായ നെടിയകാടാണ് എ.എ.പി സ്ഥാനാർത്ഥി ബീന കുര്യൻ വിജയിച്ചത്. കോൺഗ്രസിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. എ.എ.പിക്ക് 202ഉം യു.ഡി.എഫിന് 198 വോട്ടും ലഭിച്ചു. എൽ.ഡി.എഫിന് 27 വോട്ട്. 2015ൽ ആലപ്പുഴ തെക്ക് പഞ്ചായത്തിൽ 21-ാം വാർഡിൽ ടോമി ഏലശ്ശേരിയാണ് കേരളത്തിൽ എ.എ.പിയുടെ അക്കൗണ്ട് ആദ്യമായി തുറന്നത്.
കൊല്ലം തഴവ,എറണാകുളത്തെ പുത്തൻകുരിശ്,രാമമംഗലം,പാലക്കാട് മലമ്പുഴ ബ്ളോക്ക്,തിരുമിറ്റക്കോട് തുടങ്ങി അഞ്ച് വാർഡുകൾ കോൺഗ്രസ് നിലനിറുത്തി. ഏഴു സിറ്റിംഗ് സീറ്റിൽ കോട്ടയം തലനാട് പഞ്ചായത്തിലെ മേലടുക്കം വാർഡിൽ സി.പി.എമ്മിനോടും നെടിയകാട് വാർഡിൽ എ.എ.പിയോടുമാണ് തോറ്റത്. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ വാണിമേലിൽ ലീഗ് വിമതനിലും തൃശ്ശൂർ കാവനാട് കോൺഗ്രസ് വിമതനിലും നിന്ന് പിടിച്ചെടുത്തു. കോട്ടയത്തെ കാഞ്ഞിരപ്പള്ളി ബ്ളോക്കിലെ ആനക്കൽ വാർഡിൽ കേരള കോൺഗ്രസ് മാണിയെയും കൂട്ടിക്കൽ വാർഡിൽ സി.പി.ഐ യെയും പാലക്കാട് പട്ടിത്തറയിലെ തലക്കശേരി,വടക്കഞ്ചേരിയിലെ അഞ്ചുമൂർത്തി,കോഴിക്കോട് വില്ല്യാപ്പള്ളിയിലെ ചില്ലവയൽ വാർഡുകളിൽ സി.പി.എമ്മിനെയും കൊല്ലം പോരുവഴിയിലെ മയ്യത്തുംകര വാർഡിൽ എസ്.ഡി.പി.ഐ യെയും തോൽപിച്ചു. മുസ്ലിം ലീഗിന്റെ നാലുവാർഡുകളിൽ ഒരെണ്ണം കോൺഗ്രസിന് വിട്ടുകൊടുത്തു. ബാക്കി മൂന്ന് സീറ്റുകൾ നിലനിറുത്തി.കാസർകോട് പള്ളിക്കരയിലെ കോട്ടക്കുന്ന്,വയനാട് മുട്ടിൽ പഞ്ചായത്തിലെ പരിയാരം,കോഴിക്കോട് മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ വാർഡുകളാണ് നിലനിറുത്തിയത്.
സി.പി.എം 3 സീറ്റ് പിടിച്ചെടുത്തു
എട്ട് സീറ്റുകളിൽ നാലെണ്ണം നിലനിറുത്തിയ സി.പി.എം രണ്ടുസീറ്റ് ബി.ജെ.പിയിലും ഒരു സീറ്റ് കോൺഗ്രസിലും നിന്ന് പിടിച്ചെടുത്തു. കണ്ണൂർ പാനൂരിലെ ചൊക്ളി,ഇടുക്കി ഉടുമ്പൻചോലയിലെ മാവടി, കൊല്ലം കൊറ്റങ്കരയിലെ വായനശാല,പഞ്ചായത്ത് വാർഡുകളും ഒറ്റപ്പാലം നഗരസഭയിലെ പാലാട്ട് വാർഡുമാണ് നിലനിറുത്തിയത്. കോഴിക്കോട് വില്ല്യാപ്പളളി,പാലക്കാട് വടക്കൻചേരി,പട്ടിത്തറ,വാർഡുകളിൽ കോൺഗ്രസിനോടും,തിരുവനന്തപുരത്തെ അരുവിക്കരയിലെ മണമ്പൂർ വാർഡിൽ ബി.ജെ.പി യോടും തോറ്റു. മലപ്പുറത്തെ ഒഴൂർ,പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരിമല വാർഡുകൾ ബി.ജെ.പിയിലും കോട്ടയം തലനാട്ടെ മേലടുക്കം വാർഡ് കോൺഗ്രസിലും നിന്ന് പിടിച്ചെടുത്തു.
സി.പി.ഐ രണ്ടുസീറ്റുകൾ നിലനിറുത്തി. കേരളകോൺഗ്രസ് മാണി വിഭാഗം സീറ്റ് രണ്ടിൽ നിന്ന് ഒന്നായി കുറഞ്ഞു. പത്തനംതിട്ടയിലെ മല്ലപ്പുഴശേരി നിലനിറുത്തിയപ്പോൾ കോട്ടയം കൂട്ടിക്കലിൽ കോൺഗ്രസിനോട് തോറ്റു.കൊല്ലത്തെ ഉമ്മന്നൂരിൽ വിലങ്കറവാർഡ് ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തു. കേരള കോൺഗ്രസ് മാണി വിഭാഗം കോട്ടയത്തെ വെളിയന്നൂരിലെ അരിക്കര വാർഡ് നിലനിറുത്തി. കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ കോൺഗ്രസിനോട് തോറ്റു.
ബി.ജെ.പി ആലപ്പുഴയിലെ കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡും,ചെങ്ങന്നൂർ ബ്ളോക്കിലെ തിരുവൻ വണ്ടൂർ വാർഡും,പാലക്കാട് നഗരസഭയിലെ പാലാട്ട്റോഡ് വാർഡും നിലനിറുത്തി.തിരുവനന്തപുരത്ത് അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം മലപ്പുറത്തെ ഒഴൂരിലും പത്തനംതിട്ടയിലെ റാന്നിയിലും സി.പി.എമ്മിനോടും കൊല്ലം ഉമ്മന്നൂരിൽ സി.പി.ഐ യോടും തോറ്റു. എസ്.ഡി.പി.ഐ കൊല്ലം പോരുവഴിയിൽ കോൺഗ്രസിനോട് തോറ്റു. കോട്ടയം ഈരാറ്റുപേട്ട നഗരസഭയിലെ സീറ്റ് നിലനിറുത്തി.