
തിരുവനന്തപുരം : കളിക്കളത്തിലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലയാളി ലോംഗ് ജമ്പ് താരം എം.ശ്രീശങ്കർ. കഴിഞ്ഞ വർഷം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലും ഈ വർഷം ഹ്വാംഗ്ചൗ ഏഷ്യൻ ഗെയിംസിലും ബാങ്കോക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ നേടിയ പ്രകടനമാണ് പാലക്കാടുകാരൻ ശങ്കുവിനെ രാജ്യത്തിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇത്തവണ അർജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട 17 പേരിലെ ഏക മലയാളിയും ശങ്കുവാണ്. മുൻ കായിക താരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകനാണ് 24കാരനായ ശ്രീശങ്കർ. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീശങ്കർ ഏഷ്യൻ ഗെയിംസിന് ശേഷമുള്ള വിശ്രമം കഴിഞ്ഞ് പാലക്കാട്ട് പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. പിതാവ് മുരളിയാണ് പരിശീലനം നൽകുന്നത്.
പുരുഷ ബാഡ്മിന്റൺ ഡബിൾസിലെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രകടനമാണ് സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും ഖേൽരത്ന പുരസകാര ശുപാർശയ്ക്ക് അർഹരാക്കിയത്. ഏഷ്യൻ ഗെയിംസ് സ്വർണമുൾപ്പടെ നിരവധി അന്താരാഷ്ട്രനേട്ടങ്ങളും ഇവർ സ്വന്തമാക്കിയിരുന്നു.
റിട്ട.ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ഇല്ലാതിരുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബി.സി.സി.ഐയുടെ പ്രത്യേക ശുപാർശ പരിഗണിച്ചാണ് കായികമന്ത്രാലയം അർജുനയ്ക്കായി നാമനിർദ്ദേശം ചെയ്തത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷമിയെ പുരസ്കാരത്തിന് അർഹനാക്കിയത്. പകരക്കാരനായി ടീമിലെത്തിയ ഷമി ഏകദിന ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കറായി മാറിയിരുന്നു. ചെസ് താരം പ്രഗ്നാനന്ദയുടെ സഹോദരിയും അടുത്തിടെ വനിതാ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുകയും ചെയ്ത വൈശാലിക്ക് അർജുന നോമിനേഷനും വൈശാലിയുടെയും പ്രഗ്ഗിന്റെയും കോച്ച് ആർ.ബി രമേഷിന് മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാര നോമിനേഷനും ലഭിച്ചു. അഞ്ചുപേർക്കാണ് ദ്രോണാചാര്യ. മൂന്നുപേരെ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനും തിരഞ്ഞെടുത്തു.
ശങ്കുവിന്റെ ലക്ഷ്യം പാരീസ് ഒളിമ്പിക്സ്
അടുത്ത വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിലെ മെഡലാണ് ശ്രീശങ്കർ ഇപ്പോൾ ലക്ഷ്യമിടുന്നത്. 8.26 മീറ്റർ ചാടി ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയെങ്കിലും അവിടെ ചെന്ന് 7.69 മീറ്റർ ചാടാനേ ശങ്കുവിന് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ മൂന്നുവർഷത്തിന് ശേഷം അടുത്ത ഒളിമ്പിക്സിന് തയ്യാറെടുക്കുമ്പോൾ ശങ്കുവിന്റെ പരിചയസമ്പത്തും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം 8.41 മീറ്റർ ചാടിയിട്ടുള്ള ശങ്കു ആ മികവ് പാരീസ് വരെ നിലനിറുത്താനുള്ള ശ്രമത്തിലാണ്. ഇപ്പോൾ പാലക്കാട്ട് പരിശീലിക്കുന്ന താരം വൈകാതെ ഇന്ത്യൻ ക്യാമ്പിലേക്ക് പോകും. ഒളിമ്പിക്സിന് മുമ്പ് വിദേശ പരിശീലനം ഉൾപ്പടെ നടത്തും.
അർജുന ശുപാർശകൾ
ശ്രീശങ്കർ, പരുൾ ചൗധരി( അത്‌ലറ്റിക്സ് ), മുഹമ്മദ് ഷമി ( ക്രിക്കറ്റ്), അജയ് റെഡ്ഡി ( ബ്ളൈൻഡ് ക്രിക്കറ്റ്),ഓജസ് പ്രവീൺ,അതിഥി ഗോപിചന്ദ് ( ആർച്ചറി ),ശീതൽ ദേവി( പാരാ ആർച്ചറി),ഹുസാമുദ്ദീൻ ( ബോക്സിംഗ്),ആർ.വൈശാലി ( ചെസ് ),ദിവ്യാകൃതി സിംഗ്, അനുഷ് അഗർവാല( ഇക്വിസ്ട്രിയൻ),ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹാദൂർ പഥക് ,സുശീല ചാനു ( ഹോക്കി), പിങ്കി( ലോൺബാൾ),ഐശ്വരി പ്രതാപ് സിംഗ് ( ഷൂട്ടിംഗ്),അന്തിം പംഗൽ ( റെസ്‌ലിംഗ്),അയ്‌ഹിക മുഖർജീ ( ടേബിൾ ടെന്നീസ് ).
ദ്രോണാചാര്യ : ഗണേഷ് പ്രഭാകരൻ( മല്ലക്കമ്പ്),മഹാവീർ സെയ്നി ( പാരാ അത്‌ലറ്റിക്സ്),ലളിത് കുമാർ ( റെസ്‌ലിംഗ്),ആർ.ബി രമേഷ്( ചെസ്),ശിവേന്ദ്ര സിംഗ് ( ഹോക്കി)
ധ്യാൻ ചന്ദ് അവാർഡ് : കവിത ( കബഡി),മഞ്ജുഷ കൻവാർ ( ബാഡ്മിന്റൺ),വിനീത് കുമാർ ശർമ്മ ഹോക്കി.