lyon

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നേട്ടത്തിന് വെറും നാല് വിക്കറ്റുകള്‍ കൂടി മാത്രം മതി ഓസ്‌ട്രേലിയയുടെ ഓഫ് സ്പിന്നര്‍ നാഥന്‍ ലയണിന്. പാകിസ്ഥാനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ലയണ്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ലയണ്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ ഒരു ഇന്ത്യ താരത്തെ സംബന്ധിച്ചാണ്. താരത്തെ സ്വന്തം പരിശീലകരുടെ സ്ഥാനത്താണ് കാണുന്നതെന്നും ലയണ്‍ പറയുന്നു.

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ കുറിച്ചാണ് ലയണിന്റെ പരാമര്‍ശം. തന്റെ ഏറ്റവും വലിയ പരിശീലകനെന്ന വിശേഷണമാണ് ലയണ്‍ അശ്വിന് നല്‍കുന്നത്. ഒരേ കാലഘട്ടത്തില്‍ കളിക്കുന്ന താരം എങ്ങനെ പരിശീലകനാകുമെന്ന് ആലോചിച്ച് ആശ്ചര്യപ്പെടുന്നവര്‍ക്കുള്ള ഉത്തരവും ലയണിന്റെ വാക്കുകളില്‍ തന്നെയുണ്ട്.

''അശ്വിന്‍ ഒരു ലോകോത്തര സ്പിന്നറാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതല്‍ ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള താരം. പല സാഹചര്യങ്ങളില്‍ ഞങ്ങള്‍ പരസ്പരം കളിച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വന്തം ബൗളിംഗില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും നേട്ടം കൊയ്യാനും അശ്വിന് കഴിയുന്നു. വലിയ ബഹുമാനമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്.

അശ്വിന് എതിരെ കളിച്ചപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എതിര്‍ത്താരങ്ങളില്‍ നിന്ന് നമുക്ക് പലതും പഠിക്കാന്‍ കഴിയും. അങ്ങനെ നോക്കിയാല്‍ എന്റെ ഏറ്റവും വലിയ പരിശീലകന്‍ അശ്വിനാണ്''. - ലയണ്‍ പറയുന്നു.

''ഞങ്ങള്‍ രണ്ട് പേരും കരിയറില്‍ 500 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് അടുക്കുന്നു. ഇത് വളരെ മനോഹരമായ ഒരു കാര്യമാണ്. രണ്ട് പേരുടേയും കരിയര്‍ അവസാനിച്ച ശേഷം ഒരിക്കല്‍ ഒരിമിച്ചിരുന്ന് ഒരു ബിയറൊക്കെ കുടിച്ച് ഞങ്ങളുടെ മനോഹരമായ ക്രിക്കറ്റ് യാത്രയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്'' - ലയണ്‍ പറഞ്ഞവസാനിപ്പിച്ചു.