loksabha

ന്യൂഡൽഹി: നാലുമണിവരെ നിറുത്തിവച്ച ലോക് സഭ പിന്നീട് ചേർന്നപ്പോൾ അന്വേഷണം നടത്തുമെന്ന് സ്‌പീക്കർ ഓം ബിർള പ്രഖ്യാപിച്ചു.

2001ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം ഏർപ്പെടുത്തിയ നാലു തല സുരക്ഷാ സന്നാഹങ്ങൾ മറികടന്നാണ് ഷൂവിനുള്ളിൽ ഒളിപ്പിച്ച വാതക ഷെല്ലുമായി രണ്ടുപേർ അകന്നു കടന്നത്. മെറ്റൽഡിറ്റക്‌ടർ പരിശോധനയിൽ അതു കണ്ടെത്താതിരുന്നത് വീഴ്ചയായി. ഗാലറിയിൽ സന്ദർശകർക്കൊപ്പം ഇരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ടുപേർ താഴോട്ട് ചാടിയത് തടയാനായില്ല. സന്ദർശക ഗാലറിയിൽ ചില്ലു ഘടിപ്പിക്കാൻ തീരുമാനിച്ചു.

സംഭവം നടന്നതിന് ശേഷം 2മണിവരെ പിരിഞ്ഞ സഭ പിന്നീട് ചേർന്ന് അക്രമണത്തെ അപലപിച്ചു.അക്രമികളെ നേരിട്ട എം.പിമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്പീക്കർ പ്രശംസിച്ചു.

സഭാകക്ഷി നേതാക്കൾ സ്‌പീക്കറെ കണ്ട് ആശങ്ക അറിയിച്ചു. എം.പിമാരുടെ ആശങ്കകൾ അംഗീകരിക്കുന്നുവെന്നും സുരക്ഷ പുനഃപരിശോധിക്കുമെന്നും സ്പീക്കർ അറിയിച്ചു.

സുരക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സന്ദർശക ഗാലറിയിലേക്ക് പാസ് നൽകുന്നത് നിർത്തി.