d

ന്യൂഡൽഹി: ലോക്സഭയിലെ അതിക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത് .ഗുരുഗ്രാമിൽ വച്ചാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ലഖ്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിൽ ആറുപേരുണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞിരൂന്നത്. ഇതിൽ വിക്കി ശർമ്മഎന്നയാളാണ് ആറാമനെന്ന് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം പാർലമെന്റിലെ സുരക്ഷാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി. പാർലമെന്റിലേക്ക് സന്ദർശക പാസ് അനുവദിക്കുന്നത് താത്കാലികമായി നിറുത്തി വച്ചു. എം.പിമാർക്കും ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കുംപ്രവേശനത്തിന് പ്രത്യേക ഗേറ്റ് ഏർപ്പെടുത്തും. പ്രതികളിൽ രണ്ടുപേരുടെ മൊബൈൽ ഫോണുകൾ കണ്ടെത്താൻ ആയിട്ടില്ല. പിടിയിലായ നീലത്തിന്റെയും അമോൽ ഷിൻഡെയുടെയും ഫോണുകളാണ് കണ്ടെത്താനുള്ളത്. ഇതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

ലോക് സഭയിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ യുവതി അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. സന്ദർശക ഗ്യാലറിയിൽ നിന്ന് സഭാംഗങ്ങളുടെ മേശപ്പുറത്തേക്ക് രണ്ടു യുവാക്കൾ എടുത്തു ചാടുകയായിരുന്നു. അംഗങ്ങൾക്കു നേരെ പുക സ്‌പ്രേ പ്രയോഗിച്ചു. എം.പിമാർ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഇതേസമയം, പാർലമെന്റിന് പുറത്ത് യുവതി അടക്കം രണ്ടുപേർ പുക സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

മൈസൂരിൽ നിന്നുള്ള ബി.ജെ.പി അംഗമായ പ്രതാപ് സിംഹ നൽകിയ പാസുമാ

യാണ് സാഗറും മനോരഞ്ജനും സന്ദർശക ഗ്യാലറിയിൽ വന്നത്. നീലംദേവിയും അമോൽ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്. പിടിയിലായവരെ ഡെൽഹി പൊലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്തുവരികയാണ്. സംഘത്തിന് ഭീകരബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.