editor

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പ്രിയപ്പെട്ട പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. 35കാരിയായ അന്ന സറേവയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പുടിന്റെ പ്രിയപത്രം കൊംസോമോൾ സ്‌കയ പ്രാവ്‌ദയുടെ ഡെപ്യൂട്ടി എഡിറ്ററാണ് അന്ന. മോസ്‌കോയിലെ വീട്ടിൽവച്ച് യുവതിയുടെ പിതാവാണ് മൃതദേഹം കണ്ടത്. സംഭവം ദുരൂഹമാണെന്നാണ് സൂചന. അതേസമയം ഇതേ പത്രത്തിന്റെ ഉടമ വ്ളാദിമി‌ർ സൺഗോർക്കിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കഴിഞ്ഞ വർഷമാണ്. സംഭവം നടന്ന് ഒരുവർഷത്തിനകമാണ് അന്ന സറേവയെ മരിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

83.9 മില്യൺ വായനക്കാരുള്ള പത്രത്തിന്റെ വെബ്‌സൈറ്റിന്റെ ചുമതല വഹിച്ചിരുന്നത് അന്നയായിരുന്നു. കുറച്ച് ദിവസങ്ങളായി അന്നയുമായി ബന്ധം ഇല്ലാത്തതിനെ തുടർന്ന് പിതാവ് ഫ്ളാറ്റിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റിൽ തകർക്കപ്പെട്ട സൂചനകളോ ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ലെന്നാണ് വിവരം.

കടുത്ത ശ്വാസകോശ രോഗവും പനിയും ബാധിച്ച് അന്ന ചികിത്സയിലായിരുന്നു എന്നാണ് വിവരം.

വ്ളാദിമി‌ർ സൺഗോർക്ക് ഹൃദയാഘാതത്താലാണ് മരിച്ചതെന്ന് പ്രചരിച്ചെങ്കിലും പിന്നീട് ശ്വാസംമുട്ടിയതായി വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു.