lok-sabha

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിഷേധിച്ച പ്രതികൾ പാസിനായി തന്നെ മൂന്ന് മാസമായി സമീപിക്കുന്നെന്ന് മൈസൂർ ബിജെപി എംപി പ്രതാപ് സിംഹ. അറസ്റ്റിലായ പ്രതികളിൽ ഒരാളായ മനോരഞ്ജന്റെ പിതാവ് തന്റെ ലോക്സഭ മണ്ഡലത്തിലാണെന്നും പുതിയ പാർലമെന്റ് മന്ദിരം സന്ദർശിക്കുന്നതിനായി മാസങ്ങളോളമായി തന്നെ സമീപിക്കുന്നെന്നും അദ്ദേഹം സ്പീക്കർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. മനോരഞ്ജന് പാർലമെന്റ് സന്ദർശിക്കാൻ വേണ്ടി അദ്ദേഹം തന്റെ പേഴ്സണൽ അസിസ്റ്റന്റുമായും ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ബിജെപി എംപി പറഞ്ഞു.

താൻ ഇപ്പോൾ പങ്കുവച്ച കാര്യങ്ങൾ അല്ലാതെ തനിക്ക് അവരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ബിജെപി എംപി വ്യക്തമാക്കി. മനോരഞ്ജനൊപ്പം സന്ദർശക ഗാലറിയിൽ നിന്ന് പാർലമെന്റിലേക്ക് ചാടിയ വ്യക്തിയാണ് സാഗർ ശർമ്മ. ഇരുവരുടെയും കൈവശം സ്‌മോക്ക് ബോംബുകളുണ്ടായിരുന്നു. ഇത് വിഷവാതകമാണെന്ന് കരുതി എംപിമാരും ആശങ്കപ്പെട്ടിരുന്നു. രണ്ട് പ്രതിഷേധക്കാർ മഞ്ഞപ്പുക പുറന്തള്ളുന്ന ക്യാനുകളുമായി പാർലമെന്റ് വളപ്പിന് പുറത്ത് പ്രതിഷേധിച്ച അതേ സമയത്താണ് ലോക്സഭാ ചേംബറിനുള്ളിലെ സംഭവം നടക്കുന്നത്.

2001ലെ ഭീകരാക്രമണത്തിന്റെ ഓർമ്മദിനത്തിലുണ്ടായപരാക്രമത്തിൽ സഭയും രാജ്യവും നടുങ്ങിയിരുന്നു. എംപിമാരാണ് പ്രതികളെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ലഖ്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി. കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.

റെഡ്‌ക്രോസ് റോഡിൽ പാർലമെന്റ് റിസ്‌പ്‌ഷന് സമീപമാണ് അമോൽ ഷിൻഡെയും പുക സ്പ്രേ കാൻ പ്രയോഗിച്ച് മുദ്രാവാക്യം മുഴക്കിയത്. ഉടൻ പൊലീസ് പിടികൂടി. 'കരിനിയമങ്ങൾ കാരണം തൊഴിലില്ലാതായെന്നും ഒരു സംഘടനയുടെയും ആളുകളല്ലെന്നും സ്വേച്ഛാധിപത്യം പൊറുപ്പിക്കില്ലെന്നും' അവർ വിളിച്ചു പറഞ്ഞു. ഭഗത് സിംഗ് ക്ളബ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് വെളിപ്പെടുത്തി.