
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ കയറ്റിവിടുന്നതിന് ബുദ്ധിമുട്ടാകുന്നെന്ന് പൊലീസ്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പതിനെട്ടാം പടി വഴി തീർത്ഥാടകരെ കയറ്റുന്നതിൽ പൊലീസിന് വേഗത പോരെന്ന ദേവസ്വം ബോർഡിന്റെ വിമർശനം ഉയരുമ്പോഴാണ് പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോളിംഗ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സുഗമമായി നടത്താൻ സാധിക്കും. ഇതോടൊപ്പം സ്വർണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. ഇതായിരുന്നു ഉദ്ദേശമെങ്കിൽ ഇപ്പോൾ അപൂർണമായി നിൽക്കുന്ന ഈ തൂണുകൾ തങ്ങൾക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നുണ്ടെന്നും തിരക്ക് ക്രമാതീതമായി കൂടാനുള്ള കാരണം ഇതാണെന്നും എഡിജിപി എംആർ. അജിത്കുമാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിലെ പൊലീസ് ചീഫ് കോഓർഡിനേറ്ററാണ് അജിത്കുമാർ. ശബരിമലയിലെ ദൃശ്യം ലൈവ് സ്ട്രീമിംഗിലൂടെ കോടതിയിൽ പ്രദർശിപ്പിച്ചു. അപ്പാച്ചിമേട്, ശരംകുത്തി, ശബരിപീഠം തുടങ്ങി പാതയിലുടനീളം തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും ഒരുമണിക്കൂർ നീണ്ട വിശദീകരണത്തിലുണ്ട്.
പമ്പയിലും നിലയ്ക്കലിലുമുള്ള സ്‌പോട്ട് ബുക്കിംഗുകളിലും എണ്ണംകൂടി. കേരളത്തിൽ നിന്നുള്ള ഭക്തരാണ് പ്രധാനമായും സ്‌പോട്ട് ബുക്കിംഗിനുപയോഗിക്കുന്നത്. മിനിട്ടിൽ 80-85 പേരെ പതിനെട്ടാംപടി കടത്തിവിടാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും എത്തുന്ന സാഹചര്യത്തിൽ മിനിട്ടിൽ 60-65 പേരെ മാത്രമാണ് കടത്തിവിടാൻ കഴിയുന്നത്. ഫ്‌ളൈഓവറിൽ 1440 ഭക്തർക്കാണ് പരമാവധി നിൽക്കാൻ കഴിയുക. 10 മുതൽ 15 ശതമാനം വരെ ഇരുമുടിക്കെട്ടില്ലാതെ ദർശനത്തിനെത്തുന്നവരാണെന്നും എഡിജിപി വിശദീകരിച്ചു. റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.