
തൃശൂർ: പ്ലാസ്റ്റിക്കും കൃത്രിമ വസ്തുക്കൾക്കളും കൊണ്ടുള്ളതിന് പകരം പ്രകൃതിദത്ത ക്രിസ്മസ് ട്രീയുമായി കൃഷിവകുപ്പ്. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന ക്രിസ്മസ് ട്രീ കൊണ്ടുള്ള മലിനീകരണം ഒഴിവാക്കാനാണിത്. 10 കൊല്ലം കൊണ്ട് സംസ്ഥാനത്ത് ഇതുമൂലമുള്ള മലിനീകരണം പൂർണമായും ഒഴിവാക്കലാണ് ലക്ഷ്യം.കൃഷിമന്ത്രിയുടെ നിർദ്ദേശപ്രകാരം വാങ്ങി പരിപാലിച്ച ക്രിസ്മസ് ട്രീകളാണ് സംസ്ഥാനത്തെ സീഡ് ഫാമുകൾ വഴി വിതരണം ചെയ്യുന്നത്.
പൂനെയിൽ നിന്നും വരുത്തിയ 5,000 തൈകൾ പരിപാലിച്ച് വളർത്തിയാണ് വിൽപ്പന. ക്രിസ്മസ് കഴിഞ്ഞാലും മൂന്നോ നാലോ വർഷം വരെ ചട്ടിയിൽ വളർത്തി വലുതാകുമ്പോൾ വീട്ടുമുറ്റത്ത് മണ്ണിൽ നടാം. വർഷം തോറും കൃത്രിമ ട്രീകൾക്കുളള ചെലവുമില്ല. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വ്യാപകമാക്കും. തൈകൾ സ്വന്തമായി വകസിപ്പിക്കുന്നതിന്റെ സാദ്ധ്യതയും കൃഷിവകുപ്പ് ആരായുന്നുണ്ട്.
തൃശൂർ ജില്ലയിൽ മണ്ണുത്തി, പാണഞ്ചേരി, ഇരിങ്ങാലക്കുട, എടത്തിരുത്തി, പഴയന്നൂർ, ചേലക്കര, കോടശ്ശേരി എന്നിവിടങ്ങളിലെ സീഡ് ഫാമുകളിൽ നിന്ന് ചെടികൾ ലഭിക്കും. മൂന്നിനം ട്രീകളിൽ ഏറ്റവും നല്ലയിനമായ ഗോൾഡൻ സൈപ്രസാണ് നിലവിലുള്ളത്. കൂടുതൽ ഭംഗിയും ഇതിനാണ്. കോണാകൃതിയിൽ മുകളിലേക്ക് വരുംതോറും പച്ചകലർന്ന മഞ്ഞനിറവും കൂടുതൽ ഭംഗിയുമുണ്ടാകും. ചട്ടിയിൽ വളർത്തിയ ശേഷം വീട്ടുമുറ്റത്ത് നട്ടുവളർത്താം.
ഇനങ്ങൾ
ഗോൾഡൻ സൈപ്രസ്
അരക്കേറിയ (ഓറക്കേറിയ)
തൂജ
ഉയരം
2 - 3 അടി
വില
2 അടിയുള്ളതിന്
ചട്ടിയോടെ 250
പോളി ബാഗിൽ 150
3 അടിയുള്ളതിന്
ചട്ടിയോടെ 300
പോളി ബാഗിൽ 200
പരീക്ഷണാടിസ്ഥാനത്തിൽ തറാക്കിയതിനാൽ മണ്ണുത്തിയിൽ കുറച്ചെണ്ണമേ വിപണനത്തിനുള്ളൂ. വൈകാതെ ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കും.
എൻ. ശാന്തി, സീനിയർ അഗ്രികൾച്ചർ ഓഫീസർ, സീഡ് ഫാം, മണ്ണുത്തി