
സർക്കാർ ജോലി എന്നത് കേരളത്തിലെ പല യുവതീ യുവാക്കളുടെയും ലക്ഷ്യമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും പരീക്ഷകളിലും അഭിമുഖങ്ങളിലും പരാജയപ്പെട്ട് മനോവിഷമം അനുഭവിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ, പരീക്ഷ എഴുതാതെ തന്നെ നിങ്ങൾക്ക് സർക്കാർ ജോലി നേടാം. ഉയർന്ന ശമ്പളം ലഭിക്കുന്ന ഈ ജോലികൾ എന്തൊക്കെയാണെന്ന് അറിയാം. അതിന് മുമ്പ്, ഈ ജോലി ലഭിക്കുന്നത് പ്രവൃത്തി പരിചയമുള്ളവർക്കാണെന്നത് കൂടി അറിഞ്ഞിരിക്കൂ. സ്വകാര്യ മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ള പ്രൊഫഷണലുകളാണ് നിങ്ങളെങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്.
1. നീതി ആയോഗ്
കേന്ദ്ര സർക്കാരിന്റെ വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ്. രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി ഒന്നിന് നിലവിൽ വന്ന സംവിധാനമാണിത്. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല. കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ ഒഴിവുകളുള്ളതായി ഇവരുടെ സൈറ്റിൽ ഇടയ്‌ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.
2. ഇൻവെസ്റ്റ് ഇന്ത്യ
ഇന്ത്യയിൽ നിക്ഷേപത്തിനായുള്ള അവസരങ്ങൾ തേടുന്നവരെ സഹായിക്കുന്ന നാഷണൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ ഏജൻസിയാണ് ഇൻവെസ്റ്റ് ഇന്ത്യ. ഇൻവെസ്റ്റ്‌മെന്റ് അസോസിയേറ്റ് എന്ന തസ്തികയിലേയ്‌ക്കാണ് ഇവർ അപേക്ഷകരെ ക്ഷണിക്കുന്നത്.
3. വിദേശകാര്യ മന്ത്രാലയം
വിദേശകാര്യ മന്ത്രാലയം പലപ്പോഴും ജി20 പോലുള്ള വിവിധ പ്രോജക്റ്റുകൾക്കായി കൺസൾട്ടന്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കാറുണ്ട്. പലപ്പോഴും മൂന്ന് വർഷത്തെ കരാർ കാലയളവിലായിരിക്കും ഇവർ ജോലി വാഗ്ദാനം ചെയ്യുന്നത്.
ഈ മൂന്ന് കേന്ദ്ര സർക്കാർ മേഖലകളിലും ജോലി ലഭിക്കണമെങ്കിൽ ഇവരുടെ ഒഫിഷ്യൽ വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിക്കുക. ഒഴിവുകൾ അവർ പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷകളില്ലാത്തതിനാൽ തന്നെ അഭിമുഖത്തിലൂടെയോ അല്ലാതെയോ ആകും ഇവർ ജീവനക്കാരെ തിരഞ്ഞെടുക്കുക.