
ന്യൂഡൽഹി: ആർത്തവം ഒരു ശാരീരിക വൈകല്യമല്ലെന്നും അതിനാൽ ശമ്പളത്തോടുകൂടിയ ആർത്തവ അവധി ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അത്തരത്തിലുള്ള അവധി അനാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് പാർലമെന്റിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്മൃതി ഇറാനി.
' ആർത്തവമുള്ള ഒരു സ്ത്രീയാണ് ഞാൻ. അതിനാൽ ആർത്തവവും ആർത്തവ ചക്രവും ജീവിതത്തിലെ ഒരു വൈകല്യമായി കാണുന്നില്ല. അത് ഒരു സ്ത്രീയുടെ ജീവിത യാത്രയിൽ സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ആർത്തവമില്ലാത്ത ഒരു വ്യക്തിക്ക് അതിനെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാടായിരിക്കും ഉണ്ടാവുക. എന്നുകരുതി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കുന്ന വിഷയങ്ങൾ ഞങ്ങൾ മുന്നോട്ടുവയ്ക്കില്ല. ഒരു ചെറിയ വിഭാഗം സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ കാണുന്നുണ്ട്. എന്നാൽ മരുന്നുകൊണ്ട് അത് മാറ്റാവുന്നതാണ്.ആർത്തവവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങളും ചിലർ അപമാനത്തോടെയാണ് കാണുന്ന'- മന്ത്രി പറഞ്ഞു.
ആർത്തവ ശുചിത്വനയത്തിന്റെ കരട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ചതായും പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനകം തന്നെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും സ്മൃതി ഇറാനി സഭയിൽ വ്യക്തമാക്കി.
ആർത്തവ അവധി
ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. തൊഴിലിടങ്ങളിൽ ആയിരിക്കുമ്പോൾ ഇത് ഏറെ രൂക്ഷമാകും. ഇത് ഒഴിവാക്കാൻ വീട്ടിലിരുന്നുള്ള വിശ്രമം ഏറെ പ്രയോജനം ചെയ്യും. ഇങ്ങനെ വിശ്രമിക്കാനുള്ള അവസരമൊരുക്കുകയാണ് ആർത്തവ അവധികൊണ്ട് ലക്ഷ്യമിടുന്നത്. ഇൻഡോനേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ ആർത്തവ അവധി നൽകുന്നുണ്ട്. ജപ്പാനിൽ വർഷങ്ങളായി ആർത്തവ അവധി നൽകുന്നുണ്ട്.
ദക്ഷിണ കൊറിയയിൽ ആർത്തവ ദിനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് അധിക വേതനം നൽകുന്നുണ്ട്. അടുത്തിടെയായി ദക്ഷിണ കൊറിയയിൽ ആർത്തവ അവധി എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലും പല സ്വകാര്യ കമ്പനികളും ഇപ്പോൾ ആർത്തവ അവധി നൽകുന്നുണ്ട്.