
കൽപ്പറ്റ: വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ തിരിച്ചറിഞ്ഞു. ഡബ്ല്യൂ ഡബ്ല്യു എൽ 45 എന്ന പതിമൂന്ന് വയസുള്ള ആൺകടുവയാണ് യുവാവിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. കടുവകളുടെ സെൻസസ് നടത്തിയ കാലത്ത് വന്യജീവി സങ്കേതത്തിലുണ്ടായിരുന്ന കടുവയാണിത്.
നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ അതിനെ വെടിവച്ച് കൊല്ലാൻ പാടുള്ളൂവെന്നുണ്ട്. മൂടക്കൊല്ലി, കൂടല്ലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് കടുവയ്ക്കായി തെരച്ചിൽ നടത്തുന്നത്. വെറ്റിനറി സംഘം സ്ഥലത്തുണ്ട്. വനംവകുപ്പിന്റെ 80 അംഗ സ്‌പെഷ്യൽ ടീമും ഇന്ന് ജില്ലയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുൻപാണ് കടവയുടെ ആക്രമണത്തിൽ കൂടല്ലൂർ സ്വദേശി പ്രജീഷ് (36) കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. യുവാവിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പ്രദേശം വനാതിർത്തി മേഖലയാണ്.
പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള വനം വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. കടുവയെ കൊല്ലുന്നതിനെതിരെ എറണാകുളം നെട്ടൂരിലെ ആനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റിയെന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹർജി 25,000 രൂപ പിഴ സഹിതം തള്ളുകയായിരുന്നു.