sambar-sadam

മിക്ക അമ്മമാരും രാത്രി ചിന്തിച്ചുകൊണ്ട് കിടക്കുന്നത് രാവിലെ കുട്ടികൾക്ക് ലഞ്ചിന് എന്ത് കൊടുത്തുവിടുമെന്നായിരിക്കും. അങ്ങനെ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ കുറ‌ഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയുണ്ട്. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ലഞ്ചിന് കൊണ്ടുപോകാൻ കഴിയുന്ന സാമ്പാർ സാദം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആദ്യം കുക്കറിൽ ഒരു കപ്പ് അരിയെടുക്കണം. അര മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്ത് വെള്ളം വാർത്തെടുത്ത അരിയാണ് എടുക്കേണ്ടത്. അടുത്തതായി അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത സാമ്പാർ പരിപ്പ് അര കപ്പ്, അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത ഉഴുന്ന് അര കപ്പ്, ചെറിയ ഉള്ളി 15 എണ്ണം, ഒരു തക്കാളി രണ്ട് കഷ്ണങ്ങളാക്കിയത്, നാല് ബീൻസ് രണ്ട് കഷ്ണണങ്ങാക്കിയത്, ഒരു കാരറ്റ് ചെറിയ കഷ്ണങ്ങളാക്കിയത്, ഒരു കത്തിരിക്ക ചെറിയ കഷ്ണങ്ങളാക്കിയത്, ഒരു ടേബിൾ സ്‌പൂൺ സാമ്പാർ പൊടി, അര ടീസ്‌പൂൺ മുളക് പൊടി, അര ടീസ്‌പൂൺ മഞ്ഞൾ പൊടി, അര ടീസ്‌പൂൺ ജീരകം, ഒരു നുള്ള് ഉലുവ, ആവശ്യത്തിന് ഉപ്പ്, അഞ്ച് കപ്പ് വെള്ളം ഒഴിച്ച് എല്ലാം നന്നായി ഇളക്കിയെടുത്തതിനുശേഷം അടുപ്പിൽ വയ്ക്കുക.

ഒരു വിസിൽ കേട്ടതിനുശേഷം അഞ്ച് മിനിട്ട് ചെറുതീയിൽ വയ്ക്കണം. ആവി പോയതിനുശേഷം കുക്കർ തുറന്ന് ചെറിയ ഒരു കഷ്ണം പുളി വെള്ളം കൂടി ഒഴിച്ച് അഞ്ച് മിനിട്ട് വേവിക്കണം. ഇനി കടുക് പൊട്ടിച്ച് അതിൽ കറിവേപ്പിലയും മുളകും കുരുമുളകും കായപ്പൊടി ഒരു നുള്ളും ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പും ചേർത്തതിനുശേഷം ഇത് നേരത്തെ തയ്യാറാക്കിയ സാമ്പാർ സാദത്തിൽ ചേർത്തുകൊടുക്കാം. അൽപ്പം നെയ്യ് കൂടി ചേർത്താൽ സ്വാദ് ഇരട്ടിക്കും. നല്ല സൂപ്പർ രുചിയിൽ സാമ്പാർ സാദം തയ്യാറായി കഴിഞ്ഞു.