cannabliss

സ്ട്രെസുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പ്രതിവിധിയാണ് സി ബി ഡി ഓയിൽ. കഞ്ചാവ് ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒന്നാണ് കന്നബിഡിയോൾ അഥവാ സി ബി ഡി. സമ്മർദ്ദവും ഉത്കണ്ഠയും ലഘുകരിച്ച് നല്ല ഉറക്കം നൽകാൻ സി ബി ഡി ഓയിൽ സഹായിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനാൽ തന്നെ ഈ കാലഘട്ടത്തിൽ ഇത് ഇന്ത്യൻ വിപണിയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്.

58കാരിയായ കാൺപൂർ സ്വദേശി ശശി സിംഗിന് കുറച്ച് മാസങ്ങളായി സ്‌ട്രെസ് മൂലം ശരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഡോക്ടറോട് കൂടിയാലോചിച്ച ശേഷം അവർ സി ബി ഡി ഓയിൽ വാങ്ങി. താൻ കുടിക്കുന്ന പാനീയത്തിൽ ദിവസവും രണ്ടുതവണ മൂന്ന് തുള്ളി സി ബി ഡി ഓയിൽ ചേർത്ത് അവർ കഴിച്ചു. രണ്ട് ദിവസത്തിന് ശേഷം നന്നായി ഉറങ്ങാൻ കഴിഞ്ഞെന്നും മനസിലെ സമ്മർദ്ദം മാറിയെന്നും ശശി പറഞ്ഞു. ഇത്തരത്തിൽ നിരവധി പേരാണ് സി ബി ഡി ഓയിൽ ഉപയോഗിച്ചത്. ഇന്ത്യയിൽ വരും വർഷങ്ങളിൽ സി ബി ഡി ഓയിൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്.

cbd

കഞ്ചാവിനെ മയക്കുമരുന്നിന് വേണ്ടിയാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ഇതിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും അതിനെക്കുറിച്ച് പറയുന്നു. അഥർവവേദം പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൂടാതെ ​ ആയുർവേദത്തിലും ഇത് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ കഞ്ചാവ് വലിക്കുന്നതിനെ എതിർക്കുകയും കുറ്റകരമായി കണക്കാക്കുകയുമാണ് ചെയ്യുന്നത്. അതിന് കാരണം അതിന്റെ ദോഷവശങ്ങളാണ്.

1985ൽ കഞ്ചാവിന്റെ ഉപയോഗം,​ വിൽപന,​ കെെവശം വയ്ക്കൽ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പാസാക്കിയിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ കഞ്ചാവിൽ അടങ്ങിയിരിക്കുന്ന സി ബി ഡി പോലുള്ള ഔഷധ ഗുണങ്ങളെ കുറിച്ച് പോലും ആരും അറിയാൻ തയ്യാറാക്കുന്നില്ല. കഞ്ചാവിനെ മയക്കുമരുന്നിന് വേണ്ടി ഉപയോഗിക്കാതെ അതിലെ ഓഷധ ഗുണങ്ങൾ തിരിച്ചറിയാൻ ഇന്ത്യക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായിരിക്കുന്നവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രത്യേകിച്ചും ഈ കാലഘട്ടത്തിലെ ജീവിതശെെലിയ്ക്ക്.

cannabis

ഉപയോഗം

വിഷാദം, സൈക്കോസിസ് എന്നിവ പോലുള്ള ചില മാനസികാരോഗ്യ വൈകല്യങ്ങൾക്കുള്ള ചികിത്സയായി സി ബി ഡി ഉപയോഗിക്കുന്നു. കാനഡയിലും യു എസിലെ ചില ഭാഗങ്ങളിലും നിരവധി രാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ചികിത്സിക്കുന്നതിനും ക്യാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സി ബി ഡി ഫലപ്രദമാണെന്ന് അടുത്തിടെ പുറത്തുവന്ന പഠനറിപ്പോർട്ടുകളിൽ പറയുന്നു.

ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിന് ഉള്ള ചർച്ചകൾ നടന്നിരുന്നു. 2018ൽ ഉത്തരാഖണ്ഡിൽ മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യാൻ അനുവദിച്ചിരുന്നു. ഉത്തർപ്രദേശിലും ഇത് പിന്നീട് പിൻതുടർന്നു. രാജസ്ഥാനില ചില ജില്ലകളിലും കഞ്ചാവ് കൃഷിക്ക് അനുമതി നൽകിയിട്ടുണ്ട്. 2023 ഏപ്രിലിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാണമെന്ന് പറഞ്ഞിരുന്നു. ഇത് സാമ്പത്തിക വളർച്ചയും വ്യാപാരവും ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

cannabis

സ്ട്രെസ് കുറയ്ക്കുന്നു

സി ബി ഡി ഓയിലിന്റെ ശരിയായ ഉപയോഗം മൂലം സ്ട്രെസ് കുറച്ച് ശരിയായ രീതിയിൽ ഉറങ്ങാൻ കഴിയുന്നു. ഇതുമായി ബന്ധപ്പെട്ട് പലരും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഡൽഹി സ്വദേശികളായ പൂനം സിൻഹുനും ഭർത്താവ് ആഷിഷിനും വർഷങ്ങളായി ബിസിനസ് സംബന്ധമായ സ്ട്രെസ് മൂലം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇത് അവരെ മാനസികവും ശാരീരികവുമായി ബാധിച്ചിരുന്നു. തുടർന്നാണ് ഡോക്ടറുമായി ആലോചിച്ച് സി ബി ഡി ഓയിൽ വാങ്ങി ഉപയോഗിക്കുന്നത്. അതിന് ശേഷം സ്‌ട്രെസ് കുറഞ്ഞതായും അവർ പറഞ്ഞു.

സി ബി ‌ഡി ഓയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കഞ്ചാവിൽ നിന്ന് വേർതിരിക്കുന്ന ഘടകമായതിനാൽ തന്നെ പലർക്കും സി ബി ഡി ഉപയോഗിക്കാൻ മടിയാണ്. സി ബി ഡിയുടെ ശരിയായ ഉപയോഗം നൽകുന്ന ഔഷധ ഗുണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങൾ എത്തിക്കണം. ഇല്ലെങ്കിൽ ഇത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. ചില ആയുർവേദ ഹെൽത്ത് കെയർ പ്രൊഫഷണലുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ബദൽ തെറാപ്പിയായി സി ബി ഡിയെ കുറിച്ച് പറയുന്നു. സി ബി ഡി ഓയിൽ വാങ്ങാൻ സഹായിക്കുന്ന വെബ്‌സെെറ്റുകളും ഡോസും ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം തിരഞ്ഞെടുക്കുക.