ട്വൽത്ത് മാന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'നേര്'. ഡിസംബർ 21ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തിലെത്തുന്ന മോഹൻലാലിനെ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ കൗമുദി മൂവീസിനോട് പങ്കുവവയ്‌ക്കുകയാണ് മോഹൻലാലും ജീത്തു ജോസഫും ശാന്തി മായാദേവിയും.
ജീത്തു ജോസഫിന്റെ ചിത്രം എന്ന് കേട്ടുകഴിഞ്ഞാൽ തന്നെ കുടുംബ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്. കഞ്ഞി ആഗ്രഹിച്ച് പോയാൽ ബിരിയാണി കഴിച്ച് മടങ്ങാം എന്നാണ് നേരിന്റെ ട്രെയിലറിന് പലരും കമന്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനാൽത്തന്നെ അവരെ തൃപ്തിപ്പെടുത്തേണ്ടത് തന്റെ കടമയാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഓരോ സിനിമ എടുക്കുമ്പോഴും കുടുംബ പ്രേക്ഷകരെയാണ് അദ്ദേഹം മുന്നിൽ കാണുന്നത്. എന്നാൽ, യൂത്തിനെ അവഗണിക്കാനും കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. അതിനാൽ, നേര് എന്ന ചിത്രത്തിലെ ഒരു സീൻ വളരെ സൂക്ഷിച്ചാണ് എടുത്തിരിക്കുന്നത്. രണ്ടുതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെയുമാണ് ആ സീൻ എടുത്തിട്ടുള്ളതെന്നും ചിത്രം കാണുന്നവർക്ക് അത് മനസിലാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
