
തിരുവനന്തപുരം: ശബരിമലയിൽ എല്ലാം താളം തെറ്റി എന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. ഇതുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് സദുദ്ദേശ്യവുമല്ലെന്നും ജനത്തെ വൈകാരികമായി വേർതിരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതി വിലയിരുത്താൻ മന്തിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു.
ശബരിമല ദർശനം ദുഷ്‌കരമാണെന്ന് പരാതിയുണ്ടല്ലോ?
തിരക്ക് ക്രമാതീതമായപ്പോഴുണ്ടായ പ്രശ്നങ്ങളേയുള്ളു. ക്രമീകരണം വിപുലമാക്കാനാണ് ശ്രമം. ശബരിമലയിൽ എല്ലാം താളംതെറ്റി എന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണ്. ഇതുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് സദുദ്ദേശ്യവുമല്ല. ജനത്തെ വൈകാരികമായി വേർതിരിക്കുകയാണ് ലക്ഷ്യം.
പതിവിൽ നിന്ന് വിപരീതമായി തിരക്ക് വർദ്ധിച്ചല്ലോ?
ഏഴാം തീയതി ഒരു ലക്ഷത്തി രണ്ടായിരത്തിലേറെപ്പേർ ദർശനത്തിനെത്തി. പതിനെട്ടാം പടിയിലൂടെ എളുപ്പത്തിൽ ആളെ കടത്തിവിടാനാവില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! സ്ത്രീകളുടേയും കുട്ടികളുടേയും എണ്ണത്തിൽ 30 ശതമാനം വർദ്ധനയുണ്ട്. പുറമേ രോഗികളും വയോജനങ്ങളും അംഗപരിമിതരും എത്തുന്നുണ്ട്. ഇവരെയൊക്കെ വേഗത്തിൽ പതിനെട്ടാംപടി കടത്തിവിടാനാവുമോ? വേഗത്തിൽ കടത്തിവിട്ടാൽ അവരെ വലിച്ചിഴച്ചെന്നാവും ആരോപണം. ഒരു പരിധിയിലേറെ ഭക്തരെ നിയന്ത്രിക്കാനാവില്ല. പരിമിതികൾ മനസിലാക്കി ഭക്തരും സഹകരിക്കണം.
തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക ക്രമീകരണമുണ്ടോ?
വാരാന്ത്യദിനങ്ങളിൽ തിരക്ക് കൂടുന്നുണ്ട്. അവധി ദിനങ്ങളിൽ കുട്ടികളെ ധാരാളമായി കൊണ്ടുവരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂവിലും സ്‌പോട്ട് ബുക്കിംഗിലും കുറച്ചു. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയാൽ അതാകും ആക്ഷേപം. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
പൊലീസിന്റെ എണ്ണം കുറവാണെന്ന് ആക്ഷേപമുണ്ടല്ലോ?
ഇതൊക്കെ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. കഴിഞ്ഞവർഷം പതിനാറായിരം പൊലീസുകാരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ കൂടുതൽ പേരെ വിന്യസിച്ചിട്ടുണ്ട്. നവകേരള സദസിന്റെ ഭാഗമായി പൊലീസിനെ കുറച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.
വകുപ്പുകളുടെ ഏകോപനക്കുറവ് പാളിച്ചയുണ്ടാക്കിയില്ലേ?
അത് പരിശോധിക്കുന്നുണ്ട്. പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും. ഇത് വിലയിരുത്താനാണ് ഞാനുൾപ്പെട്ട സംഘം എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾ സന്ദർശിച്ചത്.
ശാശ്വതമായ സംവിധാനം വേണ്ടേ?
പമ്പയിൽ സ്ഥലപരിമിതിയുണ്ട്. നിർമ്മാണങ്ങൾക്ക് ഫോറസ്റ്റിന്റെ അനുമതി വേണം. എങ്കിലും നിലയ്ക്കലും പമ്പയിലും ഭക്തർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കും - കെ രാധാകൃഷ്‌ണൻ പറഞ്ഞു.
അതേസമയം, നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി. തുടർന്ന് തീർത്ഥാടകർക്കൊപ്പം ബസിൽ മന്ത്രി പമ്പയിലേക്ക് യാത്ര ചെയ്തു. എംഎൽഎ മാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ എന്നിവർ കെ രാധാകൃഷ്‌ണനോടൊപ്പം ഉണ്ടായിരുന്നു.