
ലാഹോർ: സിംഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ഇരുപതുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മൃഗശാലയിലാണ് സംഭവം നടന്നത്. മുഹമ്മദ് അമീൻ എന്നയാൾക്കാണ് പരിക്കേറ്റത്.
സർക്കാർ സംഘടിപ്പിച്ച മേളയോടനുബന്ധിച്ചാണ് മുഹമ്മദ് അമീൻ മൃഗശാലയിലെത്തിയത്. കാഴ്ച കണ്ടുനടക്കുന്നതിനിടെ സിംഹങ്ങളുടെ കൂട്ടിനടുത്തെത്തി. നാലെണ്ണമാണ് കൂട്ടിലുണ്ടായിരുന്നത്. ഇതുകണ്ടതോടെ മുഹമ്മദ് അമീന് സെൽഫി മോഹം കലശലായി. ഒട്ടുംതാമസിയാതെ കൈകൾ കൂട്ടിലേക്കിട്ട് സെൽഫിയെടുക്കാൻ ശ്രമിച്ചു. മികച്ച സെൽഫി ലഭിക്കാത്തതിനാൽ വീണ്ടും എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ കൈയിൽ സിംഹങ്ങൾ കടിച്ചുവലിക്കുകയും നഖംകൊണ്ട് ശക്തമായി മാന്തുകയും ചെയ്തു. നിലവിളികേട്ടെത്തിയ ജീവനക്കാരും മറ്റുള്ളവരും ചേർന്നാണ് മുഹമ്മദ് അമീനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ശരീരത്തിൽ മാരകമായി മുറിവേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഭരണകൂടം മേള റദ്ദാക്കി.
ഒരാഴ്ച മുമ്പാണ് പാകിസ്ഥാനിലെ ബഹവൽപൂരിൽ മൃഗശാലയിലെ ജീവനക്കാരനെ സിംഹങ്ങൾ കടിച്ചുകീറിയത്. സിംഹങ്ങൾക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇയാളെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പറയപ്പെടുന്നു.