suspension

ന്യൂഡൽഹി: ലോക്‌സഭയിൽ അക്രമികൾ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ സംഭവത്തിൽ എട്ട് സുരക്ഷാ ജീവനക്കാർക്ക് സസ്‌പെൻഷൻ. സംഭവം നടക്കുമ്പോൾ ഉദ്യോഗസ്ഥർ പാർലമെന്റിലെ ക്രിട്ടിക്കൽ ആക്സസ് പോയിന്റിലും പ്രവേശന കവാടത്തിലുമുണ്ടായിരുന്നു.സുരക്ഷാവീഴ്ച മൂലമാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായതെന്നാണ് നിഗമനം.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മേധാവിയ്ക്കാണ് കേസ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഡാലോചന, പ്രകോപനത്തിലൂടെ കലാപമുണ്ടാക്കാനുളള ശ്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതുമെന്ന് ലോക്സഭാ സ്പീക്കർ ഓംബിർല അറിയിച്ചു.സംഭവത്തിൽ ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതികളിലൊരാളുടെ പ്രവേശനത്തിനായുളള പാസ് അനുവദിച്ചത് പ്രതാപ് സിംഹയാണ്.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ യുവതി അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ലോക്‌സഭയിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് സഭാംഗങ്ങളുടെ മേശപ്പുറത്തേക്ക് രണ്ട് യുവാക്കൾ എടുത്തു ചാടുകയായിരുന്നു. അംഗങ്ങൾക്കു നേരെ പുക സ്‌പ്രേ പ്രയോഗിച്ചു. എംപിമാർ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഇതേസമയം, പാർലമെന്റിന് പുറത്ത് യുവതി അടക്കം രണ്ടുപേർ പുക സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി. കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് സംഘം ഗൂഢാലോചന നടത്തിയത്.