thanaji-shinde

പാലക്കാട്: കുഴൽപ്പണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശി താനാജി ഷിൻഡെയാണ് അറസ്റ്റിലായത്. വാളയാറിലെ എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയിലാണ് യുവാവിന് പിടിവീണത്. ഇയാളിൽ നിന്ന് 26.55 ലക്ഷം രൂപയും പിടികൂടി.

കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്നു ഇയാൾ. പ്രത്യേക തരത്തിലുള്ള ബനിയനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. ബനിയനിൽ രഹസ്യ അറകൾ തുന്നിപ്പിടിപ്പിച്ച് അതിൽ പണം നിറച്ചു. തുടർന്ന് അത് ധരിച്ചു. ഇതിനുമുകളിലായി ഷർട്ടും ധരിക്കുകയായിരുന്നു.

കെ എസ് ആർ ടി സി ബസിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. ഇതിനുമുമ്പും പ്രതി സമാന രീതിയിൽ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ വാളയാർ പൊലീസിന് കൈമാറി. ചപ്പാത്തിയിലും ഇറച്ചിക്കറിയിലും സോപ്പുപൊടിയിലുമൊക്കെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്ന റിപ്പോട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ സ്വർണക്കടത്തുമായി താരതമ്യം ചെയ്യുമ്പോൾ കുഴൽപ്പണത്തിന് ഇത്തരത്തിലുള്ള 'വെറൈറ്റി' പരീക്ഷിക്കുന്നത് പതിവല്ല.