
ന്യൂഡൽഹി: പാർലമെന്റ് അതിക്രമിച്ച് കയറി ആക്രമണം നടത്തുന്നതിന് മുമ്പ് പ്രതികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ ചർച്ചയാകുന്നു. കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികളിലൊരാളായ സാഗർ ശർമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണമെന്ന് മറ്റൊരു പോസ്റ്റും ഇയാൾ ഇട്ടിരുന്നു.
മറ്റൊരു പ്രതിയായ നീലം ആസാദ് നവംബർ 11വരെയാണ് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നത്. നിയമസഭയിലും പാർലമെന്റിലുമുള്ള സ്ത്രീ അംഗങ്ങളുടെ കുറവിനെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ അവസാനത്തെ പോസ്റ്റ്. സ്ത്രീകൾക്കെന്തുകൊണ്ട് 50 ശതമാനം സംവരണം നൽകുന്നില്ല? ഹരിയാനയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട്. എന്തുകൊണ്ട് പാർലമെന്റിലും നിയമസഭയിലുമതില്ല എന്നും നീലം കുറിച്ചിരുന്നു.
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണമുണ്ടായ ദിവസമാണ് നീലം ഇതിന് മുമ്പ് ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് എക്‌സിൽ കുറിച്ചത്. ദളിതർക്കും മാറ്റിനിർത്തപ്പെട്ടവർക്കും വേണ്ടി ശബ്‌ദമുയർത്തുന്നവരെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് ആസാദിന് നേരെയുണ്ടായ അക്രമണത്തിലൂടെ വ്യക്തമാക്കുന്നതെന്നും ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നു എന്നുമായിരുന്നു പോസ്റ്റ്.

ലക്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് ഇന്നലെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശർമ്മയ്ക്കായി അന്വേഷണം നടക്കുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് സംഘം ഗൂഢാലോചന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55ന് ശൂന്യവേള നടക്കുമ്പോൾ ലോക്സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദർശക ഗാലറിയിലെ മുൻനിരയിൽ ഇരുന്ന സാഗർ ശർമ്മയും ഡി. മനോരഞ്ജനും മൂന്നാൾ ഉയരത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു. ഇവർ ഡെസ്‌കിനു മുകളിലൂടെ മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി. ഷൂസിൽ ഒളിപ്പിച്ച പുക സ്‌പ്രേ ക്യാനെടത്തു പ്രയോഗിച്ചു. സാഗർ ശർമ്മയെ ആർഎൽപി എംപി ഹനുമാൻ ബേനിവാളും കോൺഗ്രസിലെ ഗുർജിത് സിംഗ് ഓജ്ലയും ചേർന്ന് കിഴടക്കി. പിന്നാലെ മനോരഞ്ജനും പിടിയിലായി. സഭയിൽ മഞ്ഞപ്പുക പടലം വ്യാപിച്ചു. വിഷവാതകമാണെന്ന് ഭയന്ന് എംപിമാർ പുറത്തേക്ക് പാഞ്ഞു.

2001ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം ഏർപ്പെടുത്തിയ നാലുതല സുരക്ഷാ സന്നാഹങ്ങൾ മറികടന്നാണ് ഷൂവിനുള്ളിൽ ഒളിപ്പിച്ച വാതക ഷെല്ലുമായി രണ്ടുപേർ അകത്തുകടന്നത്. മെറ്റൽഡിറ്റക്ടർ പരിശോധനയിൽ അതു കണ്ടെത്താതിരുന്നത് വീഴ്ചയായി.
ഗാലറിയിൽ സന്ദർശകർക്കൊപ്പം ഇരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ടുപേർ താഴോട്ട് ചാടിയത് തടയാനായില്ല. സന്ദർശക ഗാലറിയിൽ ചില്ലു ഘടിപ്പിക്കാൻ തീരുമാനിച്ചു. സംഭവം നടന്നതിന് ശേഷം രണ്ട് മണിവരെ പിരിഞ്ഞ സഭ പിന്നീട് ചേർന്ന് ആക്രമണത്തെ അപലപിച്ചു. അക്രമികളെ നേരിട്ട എംപിമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്പീക്കർ പ്രശംസിച്ചു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, ഹർദീപ് സിംഗ് പുരി, അനുപ്രിയ പട്ടേൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മലയാളി എം.പിമാരായ കെ മുരളീധരൻ, എംകെ രാഘവൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്നാൻ, രമ്യാഹരിദാസ് തുടങ്ങിയവർ സഭയിലുണ്ടായിരുന്നു.