
മണ്ഡലകാലമായാൽ ഒറ്റപ്പാലം വാണിയംകുളം കയില്യാട്ടെ ഓടുപാറയിൽ ഉത്സവത്തിന് തിരിതെളിയും. ഇവിടുത്തുകാർക്ക് നാട്ടിലെ മിനി ശബരിമലയാണ് ഓടുപാറ അയ്യപ്പക്ഷേത്രം. 172 പടികൾ കയറിച്ചെന്നാൽ കലിയുഗവരദൻ ദർശനമരുളും.
പണ്ടിവിടെ കാടായിരുന്നതിനാൽ കാനനക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. താഴെ നിന്ന് മുകളറ്റം വരെ പടികളാണ്. ദർശന സൗഭാഗ്യം മാത്രമല്ല, മലമുകളിലെത്തിയാൽ കയില്യാടിന്റെ മുഴുവൻ ഗ്രാമീണഭംഗിയും മുന്നിൽ തെളിയും. പച്ചപ്പും പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും മതിമറന്നാസ്വദിക്കാം.
ക്ഷേത്രത്തിന് 400 വർഷം പഴക്കം കണക്കാക്കുന്നു. പണ്ട് അയ്യപ്പഭക്തനായ സ്വാമിയാർക്ക് വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കാരണം ശബരിമല ദർശനം സാധിക്കാതെ വരികയും ഇവിടെ ഭജനമിരിക്കുകയും 41-ാം ദിവസം അയ്യപ്പൻ ദർശനം നൽകിയെന്നുമാണ് വിശ്വാസം. അദ്ദേഹം മലമുകളിൽ താമസിച്ച് പൂജ ചെയ്യുകയും വിഗ്രഹത്തിൽ നെയ്യഭിഷേകം നടത്തുകയും ചെയ്തതായും വിശ്വസിക്കുന്നു.
ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമീപത്തെ അരളിമരത്തിന് താഴെ തീർത്ഥക്കുഴിയായി ഉപയോഗിക്കുന്ന നീരുറവ കനത്ത വേനലിലും വറ്റാറില്ല. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനും ഗ്രഹദോഷ നിവാരണത്തിനും എല്ലാ മലയാള മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച നടത്തുന്ന കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ശബരിമലയിലെ പോലെ നെയ്യഭിഷേകവും നടത്താം.
വളരെക്കാലം ജീർണാവസ്ഥ നേരിട്ട ക്ഷേത്രം 2017ലാണ് പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തിയത്. ശബരിമല തീർത്ഥാടകർക്ക് മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനും സൗകര്യമുണ്ട്. ശബരിമലയിൽ നേരിട്ട് പോകാൻ സാധിക്കാത്തവർക്ക് ഇവിടെ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയാൽ ഫലപ്രാപ്തി ലഭിക്കുമെന്നാണ് ദേവപ്രശ്ന വിധി.