vandiperiyar-

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ കോടതി വെറുതെവിട്ടതിൽ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും. വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് കോടതി വളപ്പിൽ അരങ്ങേറിയത്. കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജി പണം വാങ്ങിയെന്ന് ആരോപിച്ച ബന്ധുക്കൾ തങ്ങൾക്ക് പഴയ ജഡ്ജിയെ വേണമെന്നും ആവശ്യപ്പെട്ടു. ഒരു വനിത ജഡ്ജിയായിരുന്നിട്ടുകൂടി പ്രതിയെ വെറുതെവിട്ടെന്നും ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'14 വർഷത്തിന് ശേഷമുണ്ടായ കൊച്ചിനെയാണ് അവൻ പൂജാമുറിയിലിട്ട് പീഡിപ്പിച്ച് കൊന്നത്. ഞാൻ ചോറ് കൊടുത്ത കൊച്ചാ. എന്റെ ജീവനായിരുന്നു അറിയാവോ. എന്റെ കുഞ്ഞിനെ കൊന്നതാ..അവൾക്ക് നീതി കിട്ടിയില്ല, നാട്ടുകാർക്ക് മുഴുവൻ അറിയാം, അവൻ ഇനി സന്തോഷായിട്ട് ജീവിക്കാൻ പോകുവാ, ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായില്ലേ.'- ബന്ധുക്കൾ കോടതി മുറിയിൽ നിന്ന് വിളിച്ചുപറഞ്ഞു.

അതേസമയം, ഈ കേസിൽ വളരെ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇതിനകത്ത് രാഷ്ട്രീയമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. പ്രതി പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകനാണ്. ഡിവൈഎഫ്‌ഐയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാവാണ്. അദ്ദേഹത്തെ സഹായിക്കുന്നതിന് ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ഭാഗത്ത് നിന്ന് അനാവാശ്യമായ ഇടപെടലുകൾ അന്വേഷണം നടത്തുന്ന പൊലീസിൽ ഉണ്ടായിട്ടുണ്ടെന്ന് തങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നെന്ന് റോയ് കെ പൗലോസ് വ്യക്തമാക്കി.

'ഈ ആക്ഷേപം ഞങ്ങൾ ഉന്നയിക്കുക മാത്രമല്ല. കുട്ടിയുടെ മാതാപിതാക്കൾ തന്നെ പൊലീസ് അന്വേഷണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയപ്പോൾ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ സമരപരിപാടികൾ നടത്തി. സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെന്ന് ഞങ്ങൾ ഉന്നയിച്ചതാണ്. ശരിയായ രീതിയിൽ കേസിന്റെ അന്വേഷണം പോകണമെന്ന് ഞങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതാണ്. കേസിൽ വളരെ കൃത്യമായ ഇടപെടൽ ഉണ്ടായിരിക്കുന്നു എന്ന് ഈ വിധി വന്നതോടെ വ്യക്തമായി. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഈ കേസിൽ ഉണ്ടായിട്ടുണ്ട്'- റോയ് കെ പൗലോസ് പറഞ്ഞു.

ആറ് വയസായ ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതി സമൂഹത്തിൽ മാന്യനായി നടക്കുന്ന പൊതുപ്രവർത്തകനാണ്. അതാണ് ഈ സംഭവത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടേണ്ടത്. ഇന്നുണ്ടായത് ഞെട്ടിക്കുന്ന വിധിയാണ്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിധിയിൽ കോടതി നിരീക്ഷണം. 2021 ജൂൺ 30നാണ് ആറുവയസുകാരി കൊല്ലപ്പെട്ടത്. പൊലീസ് കൃത്രിമമായി തെളിവുണ്ടാക്കി അർജുന്റെ മേൽ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകൻ പറയുന്നത്. ഡിവൈഎഫ്‌ഐ നേതാവായിരുന്നതിനാൽ കള്ളസാക്ഷികളെ ഉപയോഗപ്പെടുത്തി കുടുക്കുകയായിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ടി ഡി സുനിൽകുമാർ വ്യക്തമാക്കി. അപ്പീൽ സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.