
ക്ഷേത്ര ദർശനത്തിനിടെ വീണ് കിട്ടിയ സ്വർണാഭരണം നവ ദമ്പതികൾക്ക് തിരിച്ചേൽപ്പിച്ച് മൂന്നാം ക്ലാസുകാരി മാതൃകയായി. ചങ്ങലീരി എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥിനിയും ചങ്ങലീരി പാലക്കാഴി വീട്ടിൽ സുധാകരൻ - ശ്രീരേഖ ദമ്പതികളുടെ മകളുമായ ശ്രേയജയാണ് സത്യസന്ധതയുടെ പര്യായമായത്.
ഗുരുവായൂർ സ്വദേശിനി താണിയിൽ വീട്ടിൽ പ്രഭാകരൻ - ഷീല ദമ്പതികളുടെ മകൾ ആതിരയുടെ രണ്ടുപവന്റെ സ്വർണവളയാണ് നഷ്ടപ്പെട്ടത്. ഡിസംബർ 10-നാണ് രഖിലുമായി-ആതിരയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞത്. തുടർന്ന് ദർശനത്തിനായി ഇരുവരും വരിനിൽക്കുമ്പോഴാണ് ആഭരണം നഷ്ടമായത്.
ഇതേദിവസം ശ്രേയജയുടെ വല്ല്യച്ഛന്റെ മകന്റെ വിവാഹവും ക്ഷേത്രത്തിൽ നടന്നിരുന്നു. ഇവരും ദർശനത്തിന് വരിയിൽ നിൽക്കുമ്പോഴാണ് ശ്രേയജയ്ക്ക് താഴെ വീണുകിടക്കുന്ന സ്വർണവള ലഭിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന വല്ല്യമ്മയെ ഏൽപ്പിച്ചു. കല്ല്യാണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം വിശ്വസനീമായ എവിടെയെങ്കിലും ഏൽപ്പിക്കാനും കഴിഞ്ഞില്ല. വീട്ടിലെത്തിയശേഷം ദേവസ്വം ഓഫീസിൽ വിവരം പറഞ്ഞു. ഈസമയം ദമ്പതികളും ദേവസ്വം ഓഫീസിൽ ആഭരണം നഷ്ടപ്പെട്ട വിവരം ധരിപ്പിക്കാനെത്തിയിരുന്നു.
വിവരങ്ങൾ പറഞ്ഞതോടെ മണ്ണാർക്കാട് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റാമെന്ന് ഉറപ്പ് നൽകി. ഇന്നലെ രാവിലെ ഇവർ സ്റ്റേഷനിലെത്തി. ശ്രേയജയും പൊറ്റശ്ശേരി ജി.എച്ച്.എസ്.എസിലെ സ്‌പെഷ്യൽ എജ്യുക്കേറ്ററുമായ മാതാവ് ശ്രീരേഖയും പൊലീസ് സാനിധ്യത്തിൽ ആഭരണം കൈമാറി. പൊലീസിന്റെ അഭിനന്ദനങ്ങളും ലഭിച്ചാണ് ശ്രേയജയും അമ്മയും മടങ്ങിയത്.