
ചെന്നെെ: ശബരിമലയിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് സ്റ്റാലിൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി വേണുവുമായി ഫോണിൽ ചർച്ച നടത്തി. മതിയായ അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് കേരള സർക്കാർ ഉറപ്പ് നൽകിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിച്ചു.
അതേസമയം, ശബരിമലയിൽ പതിനെട്ടാം പടിക്ക് മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ കയറ്റിവിടുന്നതിന് ബുദ്ധിമുട്ടാകുന്നെന്ന് പൊലീസ് പരഞ്ഞിരുന്നു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പതിനെട്ടാം പടി വഴി തീർത്ഥാടകരെ കയറ്റുന്നതിൽ പൊലീസിന് വേഗത പോരെന്ന ദേവസ്വം ബോർഡിന്റെ വിമർശനം ഉയരുമ്പോഴാണ് പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോളിംഗ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സുഗമമായി നടത്താൻ സാധിക്കും. ഇതോടൊപ്പം സ്വർണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. ഇതായിരുന്നു ഉദ്ദേശമെങ്കിൽ ഇപ്പോൾ അപൂർണമായി നിൽക്കുന്ന ഈ തൂണുകൾ തങ്ങൾക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് പൊലീസ് പറയുന്നത്.