shashi-tharoor

ന്യൂഡൽഹി: ലോക്‌സഭയിൽ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ അക്രമികളിലൊരാളെ തടഞ്ഞ കോൺഗ്രസ് എംപിയെ പ്രശംസിച്ച് ശശി തരൂർ എംപി. പഞ്ചാബിൽ നിന്നുള്ള ഗുർജീത് സിംഗ് ഔജലയെയാണ് തരൂർ പ്രശംസിച്ചത്.

എക്സിലൂടെയാണ് തരൂരിന്റെ പ്രതികരണം. 'സിംഗ് ഈസ് കിംഗ്. ലോക്സഭയിലെ നുഴഞ്ഞുകയറ്റക്കാരനെ നേരിട്ട എന്റെ ധീരനായ സഹപ്രവർത്തകൻ. ഗംഭീരം ഔജല.'- എന്നാണ് തരൂർ എക്സിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, പ്രതിയായ സാഗർ ശർമ്മ ധരിച്ചിരുന്ന ഷൂ ഊരി ഗ്യാസ് കാനിസ്റ്റർ പുറത്തെടുക്കുന്നത് കണ്ടിരുന്നെന്നും അത് അയാളിൽ നിന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞെന്നും ഔജല മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

Singh is King! Awesome Aujla, my brave colleague, who confronted the intruder in the Lok Sabha.... https://t.co/eTRdWQWML2

— Shashi Tharoor (@ShashiTharoor) December 13, 2023

സംഭവത്തിൽ ലഖ്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂരു സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്തുവച്ച് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി. ഇയാളുടെ വീട്ടിൽവച്ചായിരുന്നു ഗൂഢാലോചന നടത്തിയത്.

മൈസൂരിൽ നിന്നുള്ള ബിജെപി അംഗമായ പ്രതാപ് സിംഹ നൽകിയ പാസുമായാണ് സാഗറും മനോരഞ്ജനും സന്ദർശക ഗ്യാലറിയിൽ വന്നത്. നീലംദേവിയും അമോൽ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്.


അതേസമയം, സഭാ നടപടികൾ തടസപ്പെടുത്തിയതിന് പതിനാല് എം പിമാരെ സസ്‌പെൻഡ് ചെയ്തു. രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജ്യോതിമണി, കനിമൊഴി അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്തത്.