highcourt

കൊച്ചി: നവകേരള സദസിനായി സ്‌കൂൾ മതിൽ പൊളിച്ചതിൽ വിമർശനവുമായി ഹൈക്കോടതി. സ്‌കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണമെന്ന ഹ‌ർജിയിലായിരുന്നു കോടതി സർക്കാരിനെ വിമർശിച്ചത്.

നവകേരള പരിപാടിയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ദേവസ്വം സ്‌കൂളിന്റെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട ഹ‌ർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. സ്‌കൂൾ മതിൽ പൊളിച്ചതിൽ സംഭവിച്ചുപോയെന്നായിരുന്നു സർക്കാരിന്റെ മറുപടി. ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശം നൽകി. നവകേരള സദസിന്റെ നോഡൽ ഓഫീസറായ ജില്ലാ കളക്‌ടറും ദേവസ്വം ബോ‌ർഡും ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹ‌ർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഡിസംബർ 18നാണ് ഇവിടെ നവകേരള സദസ് നടക്കുന്നത്. ക്ഷേത്രമൈതാനം വിട്ടുനൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശിയായ ജയകുമാർ, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹർജിയിലാണ് ഇന്ന് പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.